ദുബായിലെ യൂണിയന്‍ കോപ് സ്റ്റോറുകളില്‍ നിന്നും സാദിയ കോഴിയിറച്ചി പിന്‍വലിച്ചു

ദുബായ്: ദുബായിലെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ശിതീകരിച്ച സാദിയ കോഴിയിറച്ചി പിന്‍വലിക്കാന്‍ യൂണിയന്‍ കോപ് തീരുമാനിച്ചു. ഭക്ഷ്യയോഗ്യമല്ലെന്ന് അറിയിപ്പിനെ തുടര്‍ന്നാണ് സ്റ്റോറുകളില്‍ നിന്നും ഇവ പിന്‍വലിച്ചത്. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതെന്ന് യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സുഹൈല്‍ അല്‍ ബസ്തകി അറിയിച്ചു.

യൂണിയന്‍ കോപ് ബ്രാഞ്ചുകളില്‍ നിന്നും സാദിയ കോഴിയിറച്ചി വാങ്ങിയ ഉപഭോക്താക്കള്‍ ബില്‍ സഹിതം ഉത്പന്നവുമായി ബ്രാഞ്ചിനെ സമീപിച്ചാല്‍ പണം തിരികെ ലഭിക്കുമെന്നും അല്‍ ബസ്തകി അറിയിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്ന്, നാല് ദിവസത്തിനുള്ളില്‍ വാങ്ങിയവര്‍ക്ക് മാത്രമേ പണം തിരികെ ലഭിക്കുകയുള്ളുവെന്നും കമ്പന് നിബന്ധന വച്ചിട്ടുണ്ട്.

ശിതീകരിച്ച കോഴിയിറച്ചി(സാദിയ) ചീത്തയാകാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പ് ലഭിച്ചയുടന്‍ ഇവയുടെ എല്ലാ സ്റ്റോക്കുകളും നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍മീഡിയ പേജ് വഴിയും യൂണിയന്‍ കോപ് ഇക്കാര്യം ജനങ്ങളെ അറിയിച്ചിട്ടുണ്ട്.

അതേസമയം ദുബായ് മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യസുരക്ഷ വിഭാഗമോ സാദിയ അധികൃതരോ ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. ഏത് ബാച്ചിലെ ഉത്പന്നമാണ് ചീത്തയാകുന്ന വിവരവും യൂണിയന്‍ കോപ് പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് ആധികാരികമാണോ എന്ന് വ്യക്തമല്ല.