അബുദബി ഹോട്ടലുകളില്‍ എമിറാത്തി ഭക്ഷണം നിര്‍ബന്ധമാക്കുന്നു

അബുദബി: യുഎഇയിലെ ഫോര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ എമിറാത്തി ഭക്ഷ്യ വിഭവങ്ങള്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ പരമ്പരാഗത വിഭവങ്ങളും ഭക്ഷ്യ സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള അബുദബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിട്ടിയുടെ പുതിയ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.

ഫോര്‍, ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള ഹോട്ടലുകളിലെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളില്‍ കുറഞ്ഞത് മൂന്ന് എമിറാത്തി വിഭവങ്ങളെങ്കിലും ഉണ്ടായിരിക്കണമെന്നതാണ് പുതിയ നിബന്ധന. എമിറാത്തി വിഭവങ്ങളെന്ന ലേബലോടു കൂടി രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്ന് നേരങ്ങളിലും മറ്റ് വിഭവങ്ങളോടൊപ്പം ഇവയും ഒരുക്കിയിരിക്കണം. ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിട്ടിയുടെ എമിറാത്തി കുസൈന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ തീരുമാനം എമിറേറ്റിലെ ഹോട്ടലുകളില്‍ നടപ്പാക്കുന്നത്.

ഓരോ വിഭവത്തിനുമൊപ്പം അതിനെ കുറിച്ചുള്ള ചെറിയ വിവരണവും ഉപയോഗിച്ചിരിക്കുന്ന ചേരുവകള്‍ സംബന്ധിച്ചുള്ള കുറിപ്പും നല്‍കണം. ഹോട്ടല്‍ മുറികളില്‍ വിളമ്പുന്ന പ്രഭാത, ഉച്ച, രാത്രി ഭക്ഷണത്തിന്റെ മെനുവില്‍ രണ്ട് എമിറാത്തി വിഭവങ്ങളെങ്കിലും ഉണ്ടായിരിക്കണം.

പുതിയ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലെ പാചകക്കാര്‍ക്ക് എമിറാത്തി വിഭവങ്ങള്‍ സംബന്ധിച്ചും അവ തയ്യാറാക്കുന്നത് എങ്ങനെയാണെന്നത് സംബന്ധിച്ചും ടിസിഎ പരിശീലന പരിപാടി സംഘടിപ്പിക്കും. എമിറാത്തി വിഭവങ്ങള്‍ തയ്യാറാകുന്ന മികച്ച ഷെഫ്, മികച്ച എമിറാത്തി പാചക പ്രചരണ പരിപാടി എന്നിങ്ങനെയുള്ള മത്സരപരിപാടികള്‍ സംഘടിപ്പിക്കാനും ടിസിഎ പദ്ധതിയിടുന്നുണ്ട്.