തത്സമയ വാദ്യവൃദ്ധത്തോടെ അബുദബിയില്‍ സെപ്റ്റംബറില്‍ ഹാരിപോര്‍ട്ടര്‍ സ്‌ക്രീനിംഗ്

ഹാരിപോര്‍ട്ടര്‍ ഹോഗ്‌വാര്‍ട്ട്‌സ് സംഘം തങ്ങളുടെ സ്വന്തം വാദ്യവൃദ്ധത്തോടെ യാസ് ഐലന്‍സിലെത്തുന്നു. വരുന്ന സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ യാസ് ഐലന്‍ഡിലെ ഡു ഫോറത്തില്‍ ഹാരിപോര്‍ട്ടര്‍ സിരീസിലെ ആദ്യ സിനിമയായ ഹാരിപോര്‍ട്ടര്‍ ആന്‍ഡ് ദ ഫിലോസഫേര്‍സ് സ്റ്റോണ്‍ പ്രദര്‍ശിപ്പിക്കും.

എച്ച് ഡി ദൃശ്യമികവില്‍ 40 അടി വലിപ്പമുള്ള സ്‌ക്രീനിലാകും സിനിമ പ്രദര്‍ശിപ്പിക്കുക. പ്രദര്‍ശന സമയത്ത് ഓര്‍ക്കസ്റ്റ സിന്‍ഫോണിയ ഡി വാലെസ് സംഘം നയിക്കുന്ന തത്സമയ വാദ്യവൃദ്ധം പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവം നല്‍കും.

ജീവിതകാലത്തിനിടയ്ക്ക് ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സാംസ്‌കാരിക പ്രതിഭാസമാണ് ഹാരിപോര്‍ട്ടര്‍ സിനിമ സിരീസെന്നും ലോകത്തിലെ കോടിക്കണക്കിന് ആരാധകരെ ഈ സിനിമ ഇനിയും രസിപ്പിക്കുമെന്നും ഹാരിപോര്‍ട്ടര്‍ ഫിലിം കണ്‍സേര്‍ട്ട് സിരീസിന്റെ നടത്തിപ്പ് ചുമതലയുള്ള ജസ്റ്റിന്‍ ഫ്രീര്‍ പറഞ്ഞു.

പ്രിയസിനിമ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അവാര്‍ഡ് നേടിയ ഈണങ്ങള്‍ തത്സമയം വായിക്കുന്ന ഒരു പരിപാടി ആദ്യമായി അബുദബിയില്‍ സംഘടിപ്പിക്കാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ട്. ഇത് പ്രേക്ഷകര്‍ക്ക് പുതിയതും ഒരിക്കലും മറക്കാന്‍ കഴിയാത്തതുമായ അനുഭവം ആയിരിക്കും.