ജീവിതശൈലീ രോഗങ്ങളെ തടയാൻ ബോധവൽക്കരണവുമായി ആരോഗ്യ മന്ത്രാലയം

ദോഹ:ജീവിതശൈലീ രോഗങ്ങളെ തടയാൻ ആരോഗ്യ മന്ത്രാലയം ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. വ്യായാമ രഹിതമായ ജീവിതവും അമിത ഭക്ഷണവും മൂലം പൊണ്ണത്തടി മുതൽ പ്രമേഹവും ഹൃദ്രോഗവും വരെ കൂടുന്ന സാഹചര്യത്തിലാണ് മന്ത്രാലയം പ്രചാരം പരിപാടികൾ ഊർജിതമാക്കുന്നതെന്ന് പൊതു ജനാരോഗ്യ വിഭാഗം ഡയറക്ടർ ഷെയ്ഖ് ഡോ.മുഹമ്മദ് അൽതാനി പറഞ്ഞു.

ഖത്തറിൽ 45% പുരുഷന്മാരും സ്ത്രീകളും ഫാസ്റ്റ് ഫുഡ് പ്രിയരാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ആഴ്ച്ചയിൽ മൂന്ന് തവണയെങ്കിലും ഇവർ ഫാസ്റ്റ് ഫുഡ് കഴിക്കുന്നു.കുട്ടികളെ സമ്മാനങ്ങൾ നൽകി ഫാസ്റ്റ് ഫുഡിലേക്ക് ആകർഷിക്കുന്ന ചില ഭക്ഷ്യശാലകളുടെ രീതി പരമാവധി നിരുത്സാഹപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആയോഗ്യകരമായ ഭക്ഷണവും ജീവിത ശൈലിയും എന്ന വിഷയത്തിൽ നെതർലൻഡ്‌ സ്ഥാനപതികാര്യാലയം ദോഹയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നെതർലൻഡ്‌സ്‌ സ്ഥാനാധിപതി ഡോ.ബഹിയ തഹസീബ്‌ ലീയും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ സംബന്ധിച്ചു. ആരോഗ്യകരമായ ഭക്ഷണ രീതികളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ അവ ഉദ്ദേശിച്ച വിധം ഫലപ്രതമാകാത്ത സാഹചര്യത്തിലാണ് ഊർജ്ജിത ബോധ വൽക്കരണം ആരംഭിക്കുന്നത്.

എന്താണ് കഴിക്കേണ്ടത്, കഴിക്കേണ്ട സാധനങ്ങളുടെ കാലറി,ശരീരത്തിന് ആവശ്യമായ കാലറി എത്ര തുടങ്ങിയ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനാണ് ഊന്നൽ നൽകുക. ജനങ്ങൾ ഡയറ്റ് സെന്ററുകൾ സന്ദർശിച്ച് തങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷക ഗുണങ്ങൾ ഡയട്ടീഷ്യനുമായി ചർച്ച ചെയ്ത് മനസ്സിലാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ഖത്തർ ബയോബാങ്ക് റിപ്പോർട്ട് പ്രകാരം സ്വദേശികളിൽ 70% പേരും അമിത തൂക്കവും വണ്ണവുമുള്ളവരാണ്. ഇറച്ചിയും മീനും കഴിക്കുന്നതിനേക്കാൾ കൂടുതൽ മുട്ട അകത്താക്കുന്നവരാണ് 19% പുരുഷന്മാരും 20% സ്ത്രീകളും. ഇതിനു പുറമെ കൊഴുപ്പുള്ള പാലും ധാരാളം കഴിക്കും.പച്ചക്കറികൾ,പഴങ്ങൾ, ചോറ് എന്നിവയും ആളുകൾ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഖത്തറിൽ 86% പേർക്കും വൈറ്റമിൻ ഡി യുടെ കുറവുണ്ട്. ശരീരത്തിലേക്ക് കൂടുതൽ സൂര്യപ്രകാശം പതിക്കാത്തതാണ് ഇതിനു മുഖ്യ കാരണം. 32% ആളുകൾ വൈറ്റമിൻ ഡി സപ്ലിമെന്റ് കഴിക്കുന്നവരാണെന്നും ഡോ. ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.