സൊമാറ്റോ ഹാക്ക് ചെയ്തു 17 മില്യണ്‍ ഉപയോക്താക്കാളുടെ വിവരങ്ങള്‍ ചോര്‍ന്നതായി കമ്പനി

റെസ്റ്റോറന്റ് തിരച്ചില്‍ വെബ്‌സൈറ്റായ സൊമാറ്റോ ഹാക്ക് ചെയ്യപ്പെട്ടതായി കമ്പനിയുടെ സ്ഥിരീകരണം. 17 മില്യണിലധികം ഉപയോക്താക്കളുടെ യൂസെര്‍നെയിമുകളും പാസ്്‌വേര്‍ഡുകളും ഹാക്കര്‍മാര്‍ ചോര്‍ത്തി. അതേസമയം പണമിടപാട് വിവരങ്ങള്‍ സുരക്ഷിതമാണെന്ന് കമ്പനി വ്യക്തമാക്കി. 120 മില്യണിലധികം ഉപയോക്താക്കളുള്ള കമ്പനിയ്ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് സുരക്ഷാ വീഴ്ചയുണ്ടാകുന്നത്.

ഹാക്ക് ചെയ്യപ്പെട്ട പാസ്‌വേര്‍ഡുകള്‍ പല ഭാഗങ്ങളായി സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഹാക്കര്‍മാര്‍ക്ക് ഇവ സമന്വയിപ്പിച്ച് യഥാര്‍ത്ഥ പാസ്‌വേര്‍ഡ് കണ്ടുപിടിക്കുക അസാധ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എങ്കിലും ഏറ്റവും പെട്ടന്ന് പാസ്‌വേര്‍ഡ് മാറ്റുക എന്നതാണ് ബുദ്ധിപരമെന്നും കമ്പനി വ്യക്തമാക്കി.

തങ്ങളുടെ ബ്ലോഗിലൂടെയാണ് ഹാക്ക് ചെയ്യപ്പെട്ട കാര്യം സൊമാറ്റോ വെളിപ്പെടുത്തിയത്. അതേസമയം ഉപയോക്താക്കളുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട വിവരങ്ങളുടെ ഒപ്പമല്ല സൂക്ഷിച്ചിരിക്കുന്നത് എന്നതിനാല്‍ അവ സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെട്ടു.

സൊമാറ്റോയിലെ പണമിടപാട് വിവരങ്ങള്‍ വളരെ സുരക്ഷിതമായ പിസിഐ ഡാറ്റാ സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ ഉപയോഗിച്ചാണ് സൂക്ഷിച്ചിരിക്കുന്നതെന്നും സൊമാറ്റോയിലെ മറ്റ് സംവിധാനങ്ങളെയോ ഉപ്തന്നങ്ങളെയോ ഈ ഹാക്കിംഗ് ബാധിച്ചിട്ടില്ലെന്നും സൊമാറ്റോ ബ്ലോഗിലൂടെ വ്യക്തമാക്കി.

ഹാക്കിംഗിന് ഇരയായ ഉപയോക്താക്കളുടെ പാസ്‌വേര്‍ഡുകള്‍ മാറ്റിയതായി സൊമാറ്റോ അറിയിച്ചു. ഹാക്കിംഗ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും കമ്പനിക്കുള്ളില്‍ നിന്ന് തന്നെയുണ്ടായ സുരക്ഷാവീഴ്ചയായാണ് മനസിലാക്കുന്നതെന്നും കമ്പനി സൂചന നല്‍കി. ഒരുപക്ഷേ കമ്പനിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അക്കൗണ്ട് ചോര്‍ത്തപ്പെടുകയോ അല്ലെങ്കില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തിയതാകാമെന്നുമാണ് നിഗമനം.

2015ലും വൈറ്റ് ഹാറ്റ് ഹാക്കറില്‍ നിന്നും സൊമാറ്റോയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടായിട്ടുണ്ട്.