ലാഭസാധ്യത ലക്ഷ്യമിട്ട് കാതെ പസഫിക് നൂറുകണക്കിന് ജോലിക്കാരെ പിരിച്ചുവിടുന്നു

ദുബായ്: ഹോങ്കോങിലെ പ്രധാന വിമാനക്കമ്പനികളിലൊന്നായ കാതെ പസഫിക് എയര്‍വെയ്‌സ് ലിമിറ്റഡ് അറുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ലാഭം തിരിച്ചുപിടിക്കാനുള്ള പുനഃസംഘടന നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് കാതെ എയര്‍ലൈന്‍ വ്യക്തമാക്കി.

190 മാനേജ്‌മെന്റ് ജോലിക്കാര്‍ക്കും 400 മാനേജ്‌മെന്റ് ഇതര ജോലിക്കാര്‍ക്കും മിക്കവാറും ഒരു മാസത്തിനുള്ളില്‍ തന്നെ ജോലി നഷ്ടമാകുമെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി.

ഹോങ്കോങിലെ കമ്പനി ആസ്ഥാനത്തുള്ള 25% മാനേജ്മന്റ് ജീവനക്കാരും 18 നോണ്‍ മാനേജ്‌മെന്റ് ജീവനക്കാര്‍ക്കുമാണ് ജോലി നഷ്ടപ്പെടുക. ഈ വര്‍ഷം പ്രഖ്യാപിച്ച മൂന്ന് വര്‍ഷ പുനഃസംഘടന പദ്ധതിയുടെ ഭാഗമായാണ് ജോലികള്‍ വെട്ടിക്കുറയ്ക്കുന്നത്.

കമ്പനി ബിസിനസിന്റെയും ഉപയോക്താക്കളുടെ.ും ഭാവിക്ക് വേണ്ടി കഠിനവും അതേസമയം അത്യാവശ്യവുമായ ചില തീരുമാനങ്ങള്‍ എടുക്കേണ്ട അവസ്ഥ വന്നിരിക്കുകയാണെന്ന് കാതെ പസഫിക് ചീഫ് എക്‌സിക്യുട്ടീവ് റൂപെര്‍ട്ട് ഹോഗ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ജനങ്ങളുടെ യാത്രാശീലങ്ങളിലും അവരുടെ പ്രതീക്ഷകളിലും മാറ്റമുണ്ടായിരിക്കുന്നു. എയര്‍ലൈന്‍ രംഗത്തുണ്ടായിരിക്കുന്ന മത്സരവും വെല്ലുവിളികളും നിര്‍ണായകമായ മാറ്റങ്ങളാണ് നമ്മളില്‍ നിന്നും ആവശ്യപ്പെടുന്നത്.

2008ന് ശേഷം ഇതാദ്യമായി കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലും ഹോങ്കോങിലും മാനേജ്‌മെന്റ് റോളുകളിലെ ചെലവ് വെട്ടുക്കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു.