ഭീമനായ നീര്‍നായ പെണ്‍കുട്ടിയെ വെള്ളത്തിനുള്ളിലേക്ക് കടിച്ചുകൊണ്ടുപോകുന്ന ഭീകര വീഡിയോ

കാനഡയിലെ പടിഞ്ഞാറന്‍ തീരമായ വാന്‍കൗവര്‍ ബി. സി ക്ക് അടുത്തുള്ള സ്റ്റീവ്സ്റ്റണ്‍ മത്സ്യത്തൊഴിലാളി തുറയില്‍ ആണ് സംഭവം. ഭീമനായ ഒരു നീര്‍നായയെ കണ്ട് അതിശയത്തോടെ ക്യാമറകള്‍ മിന്നിച്ചവരുടെ കണ്‍മുമ്പില്‍ കാഴ്ചക്കാരിയായ പെണ്‍കുട്ടിയെയും കടിച്ചെടുത്ത് നീര്‍നായ വെള്ളത്തിലേക്ക് ഊളിയിട്ടു. കാണികളെ ഞെട്ടിക്കുന്ന ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

വെള്ളത്തില്‍ നീന്തുകയായിരുന്ന നീര്‍നായ കാഴ്ചക്കാരില്‍ ഒരാള്‍ നീട്ടിയ ഭക്ഷണം കണ്ട് കപ്പല്‍ തുറയ്ക്ക് അടുത്തേക്ക് നീന്തിയടുക്കുകയായിരുന്നു. നീര്‍നായയെ കണ്ടതിന്റെ ആവേശത്തില്‍ അവിടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടി തുറയില്‍ മുട്ടുകുത്തി നിന്ന് അതിനെ കളിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതുകണ്ട നീര്‍നായ വെള്ളത്തില്‍ നിന്നും പെണ്‍കുട്ടിയുടെ അടുത്തേക്ക് ചാടി തിരിച്ച് വെള്ളത്തിലേക്ക് ഊളിയിട്ടു. പെണ്‍കുട്ടിയും കാഴ്ചക്കാരും ചിരിക്കുന്നു.

ശേഷം തുറയിലെ കൈവരിയില്‍ ആ പെണ്‍കുട്ടി ഇരിക്കുന്നു. സെക്കന്‍ഡിനുള്ളില്‍ വെള്ളത്തില്‍ നിന്നും ചാടിയുയര്‍ന്ന നീര്‍നായ പെണ്‍കുട്ടിയുടെ വെള്ളവസ്ത്രത്തില്‍ കടിച്ച് ദ്രുതഗതിയില്‍ പെണ്‍കുട്ടിയെയും കൊണ്ട് വെള്ളത്തിനുള്ളിലേക്ക് മറയുന്നു. പേടിച്ചരണ്ട കാഴ്ചക്കാര്‍ അലറിവിളിക്കുന്ന ശബ്ദം വീഡിയോയില്‍ കേള്‍ക്കാം.

ഉടന്‍ തന്നെ ഒരാള്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടി. പെണ്‍കുട്ടിക്കും രക്ഷിക്കാന്‍ ശ്രമിച്ച ആളിനും പരിക്കൊന്നുമില്ല. വെള്ളത്തില്‍ നിന്നും കയറിവന്ന പെണ്‍കുട്ടി ഉടന്‍ തന്നെ രക്ഷിതാവിനൊപ്പം സ്ഥലംവിട്ടു.

മൈക്കല്‍ ഫുജിവാര എന്നയാളാണ് ഈ ഭീകരദൃശ്യങ്ങള്‍ പകര്‍ത്തിയത്. ശനിയാഴ്ച യുട്യൂബിലിട്ട വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.

നീര്‍നായയെ ഭക്ഷണം നല്‍കി തുറയ്ക്ക് അടുത്തേക്ക് ആകര്‍ഷിച്ചതിനെ മുദ്ര ജന്തു ശാസ്ത്രജ്ഞര്‍ വിമര്‍ശിച്ചു. വന്യജീവികള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കാതെ ചില ആളുകള്‍ എത്ര ബുദ്ധിശൂന്യമായാണ് പെരുമാറുന്നതെന്ന് ബ്രിട്ടീഷ് കൊളംബിയ മറൈന്‍ മാമ്മല്‍ റിസര്‍ച്ച് യൂണിറ്റിലെ ഡയറക്ടര്‍ ആന്‍ഡ്രൂ റൈറ്റ്‌സ് അഭിപ്രായപ്പെട്ടു. അവര്‍ സര്‍ക്കസിലെ ജോക്കര്‍മാരല്ലെന്നും മനുഷ്യരുമായി ഇടപെഴകാന്‍ അവര്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്നും റൈറ്റ്‌സ് പറഞ്ഞു. അത് കാലിഫോര്‍ണിയന്‍ നീര്‍നായ ആണെന്നും റൈറ്റ്‌സ് തിരിച്ചറിഞ്ഞു.

അവ അപകടകാരികളല്ലെന്നും പെണ്‍കുട്ടിയുടെ വസ്ത്രം ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ചായിരിക്കാം കടിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.