വിഴിഞ്ഞം കരാര്‍ നിയമവിരുദ്ധം, അദാനിക്ക് വഴിവിട്ട സഹായം: സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെതിരെ സിഎജി റിപ്പോര്‍ട്ട്. കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമെന്നും നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടുമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ പൊതുസ്വകാര്യ പങ്കാളിത്ത നിയമപ്രകാരം വലിയ നിര്‍മാണക്കമ്പനിക്ക് 30 വര്‍ഷമാണ് സാധാരണ കാലാവധി അനുവദിക്കുക.

അതേസമയം, പത്തുവര്‍ഷത്തെ കാലാവധി നീട്ടിനല്‍കിയതിനു പുറമെ ആവശ്യമെങ്കില്‍ 20 വര്‍ഷം കൂടി കാലാവധി നല്‍കാമെന്നും കരാറില്‍ പറയുന്നു. ഈ വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപയുടെ അധികവരുമാനം അദാനിക്കു കിട്ടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കമ്പനികള്‍ക്കുള്ള കാലാവധി 30 വര്‍ഷമായി നിജപ്പെടുത്തണമെന്നാണ് രാജ്യാന്തര ഫെഡറേഷന്റെ നിര്‍ദേശം. ഇതു മറികടക്കുന്നതു തന്നെ തെറ്റാണ്. ഓഹരി ഘടനയിലെ മാറ്റം സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും സിഎജി കണ്ടെത്തി. അദാനിക്കു നേട്ടമുണ്ടാക്കാന്‍ പറ്റുന്ന തരത്തിലാണു കരാറുണ്ടാക്കിയിരിക്കുന്നതെന്ന വി.എസ്.അച്യുതാനന്ദന്റെ ആരോപണങ്ങള്‍ അടിവരയിടുന്നതാണ് സിഎജി റിപ്പോര്‍ട്ട്.

അതേസമയം, സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് കരാര്‍ പുനഃപരിശോധിക്കേണ്ടതായും നടപടി സ്വീകരിക്കേണ്ടതായും വരും. സ്വീകരിച്ച നിലപാടു സംബന്ധിച്ച് റിപ്പോര്‍ട്ടും നല്‍കേണ്ടതായി വരും. ഇതോടെ സംസ്ഥാനത്തിന് ഗുണകരമല്ലാത്ത വ്യവസ്ഥകള്‍ മാറ്റി പുതിയ കരാര്‍ കൊണ്ടുവരണം. ഇത്തരത്തിലൊരു സാഹചര്യം വന്നാല്‍ അദാനി ഗ്രൂപ്പ് നിയമനടപടിയിലേക്കും നീങ്ങുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.