ഷാർജയെ കൂടുതൽ സുരക്ഷിത നഗരമാക്കാൻ പോലീസിന്റെ പുതിയ കർമ്മ പദ്ധതികൾകൂടി.

ഷാർജ: സാന്പത്തിക കുറ്റകൃത്യങ്ങൾ ഒഴിച്ചുള്ള പതിനഞ്ചിനം കുറ്റകൃത്യങ്ങളെ തരംതിരിച്ചു അവ കുറച്ചു കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുകയും പിന്നീട് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്‌യുക എന്ന ലക്ഷ്യത്തോടെ ഷാർജ പോലീസ് പുതിയ കർമ്മ പദ്ധതി രൂപീകരിച്ചു. യുഎഇ യിലെ മാധ്യമ പ്രവർത്തകർക്കായി ഷാർജ റാഡിസൺ ബ്ലൂ ഹോട്ടലിൽ തിങ്കളാഴ്ച നടത്തിയ രണ്ടാമത് മീഡിയ ഫോറത്തിലാണ് ‘ഷാർജ സുരക്ഷിത നഗരം’ എന്ന് പേരിട്ടിട്ടുള്ള കർമ്മ പദ്ധതിയുടെ വിശദാംശങ്ങൾ ഷാർജ പോലീസ് മേധാവി ബ്രിഗേഡിയർ ജനറൽ സൈഫ് അൽ സാരി അൽ ഷംസി വ്യക്തമാക്കിയത്.
ഗതാഗത നിയമലംഘനങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കൂടുതലായി കാണപ്പെടുന്ന മേഖലയിലാണ് പുതിയ കർമ്മ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ തത്സമയ ചിത്രീകരണം നടത്തുന്ന, പോലീസിന്റെ കണ്ട്രോൾ റൂമുമായി ബന്ധിപ്പിക്കപ്പെട്ട 182 വീഡിയോ ക്യാമറകളാണ് ഷാർജയുടെ വിവാദ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. റമദാൻ കാലത്തു ഇത് 250 ആയും 30 മൊബൈൽ ക്യാമറകളും കൂടി പുതുതായി സ്ഥാപിച്ചിക്കാൻ പദ്ധതിയുള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് പട്രോളിംഗിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ അത്യാധുനിക ക്യാമറകൾ ഘടിപ്പിക്കുന്നതോടൊപ്പം അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സൈക്കിളുകളും മോട്ടോർ ബൈക്കുകളും പോലീസ് സജ്ജമാക്കും.അത്യാഹിത സ്ഥലങ്ങളിലേക്കെത്തിച്ചേരാൻ നിലവിലെ 10 മിനിറ്റ് എന്ന സമയപരിധി 2021 ആകുന്പോഴേക്കും 4 മിനിറ്റ് എന്ന ഉദ്ദേശതോടെയാണ് സൈക്കിളുകളും ബൈക്കുകളും സ്വന്തമാക്കുന്നത്. അത്യഹിതമുണ്ടായാൽ സാവധാനം നടപടി ആവശ്യമുള്ള ഘട്ടങ്ങളിൽ പോലീസിന്റെ ‘901’ എന്ന ടോൾഫ്രീ നന്പറും അടിയന്തിര സഹായമാണെങ്കിൽ ‘999’ എന്ന നന്പറും ഉപയോഗിക്കാവുന്നതാണ്.
റോഡപകടങ്ങൾ കൂടിയ അഞ്ചു പ്രധാന ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി കർശന സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം പ്രത്യേക അപകട നിവാരണ പദ്ധതി നടപ്പാക്കിക്കൊണ്ടു ഗതാഗത സംവിധാനങ്ങൾ പരിഷ്‌കരിക്കും. അനധികൃത ഇടങ്ങളിൽ കാൽനട യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നതിനെതിരെ പോലീസ് നടപടികൾ ഇതിനോടകം തന്നെ ശക്തമാക്കിയിട്ടുണ്ട്. ഏഷ്യക്കാരാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ മുന്നിലുള്ളത്. ഇതിനെതിരെ വിവിധ ഭാഷകളിൽ ബോധവൽക്കരണ കാന്പയിനുകൾ നടത്തും. 2016-ൽ റോഡപകടങ്ങളിലെ മരണനിരക്ക് ഒരു ലക്ഷം പേർക്ക് പത്തിലേറെ എന്നത് 2021-ഓടെ മൂന്നാക്കി കുറക്കാനാണ് ശ്രമം.
കുറ്റകൃത്യങ്ങൾ കൂടുതലായി കണ്ടുവരുന്ന മേഖലകളിലും കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചു താമസക്കാർക്കിടയിൽ പ്രത്യേകം ബോധവൽക്കരണം, ശക്തമായ പട്രോളിംഗ് തുടങ്ങീ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ വർഷം ഒരു ലക്ഷം പേർക്ക് ശരാശരി 123 കുറ്റകൃത്യനിരക്കു എന്നത് 2021-ൽ 75 ആക്കിക്കുറക്കാനുള്ള കർമ്മപദ്ധതിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതിനായി പൊതുജനങ്ങളുടെ സഹായ സഹകരണം തീർച്ചയായും അത്യന്താപേക്ഷിതമാണ്.