സർ ബനിയാസ് ദ്വീപ് പുരാതന വാണിജ്യ കേന്ദ്രം;പഴക്കം 4000 വർഷം

അബുദാബി:സർ ബനിയാസ് ഐലൻഡിൽ 4000 വർഷം മുമ്പ് വാണിജ്യ കേന്ദ്രം നിലനിന്നിരുന്നുവെന്നതിന്റെ ശക്തമായ തെളിവുകൾ ലഭിച്ചു.അബുദാബി വിനോദ സഞ്ചാര സാംസ്‌കാരിക അതോറിറ്റി (ടി.സി.എ അബുദാബി) നടത്തിയ ഖനനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്. സർ ബനിയസ് ഐലാൻഡിലെ തെക്കു പടിഞ്ഞാറൻ തീരപ്രദേശത്ത് കല്ലിൽ നിർമ്മിച്ച കെട്ടിടം കേന്ദ്രീകരിച്ചാണ് ഖനനം നടത്തിയത്.

കെട്ടിടത്തിനകത്ത് വലിയ ഭരണികൾ പൊട്ടിയ നിലയിൽ കണ്ടെത്തി. 4000 വർഷം മുമ്പ് ബഹ്‌റൈനിൽ നിർമ്മിച്ചതാണ് ഈ ഭരണികൾ. യു.എ.ഇ, ബഹ്‌റൈൻ, ഇറാഖ്, തെക്കനേഷ്യ എന്നീ പ്രദേശങ്ങൾ തമ്മിൽ ശക്തമായ സമുദ്ര വ്യാപാര ബന്ധം നിലനിന്നിരുന്ന അക്കലത്ത് അറേബ്യൻ ഉൾക്കടൽ വഴി കപ്പൽ മാർഗം എത്തിച്ചതാണ് ഈ ഭരണികളെന്ന് കരുതപ്പെടുന്നു. ഇത്തരത്തിലുള്ള പൊട്ടിയ ഭരണികൾ നേരത്തെയും യു.എ.ഇയിൽ കണ്ടെത്തിയിരുന്നെങ്കിലും ഇത്രയും ശക്തമായ തെളിവ് ലഭിക്കുന്നത് ഇപ്പോഴാണ്.

ഖനനത്തിൽ കണ്ടെടുത്ത പൗരാണികാവശിഷ്ടങ്ങളെ കുറിച്ചുള്ള പഠനം ആരംഭിച്ചിട്ടേയുള്ളൂ.എന്നാൽ പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഇന്ഡസ് വാലിനാഗരികതയിൽ നിന്നുള്ള മൺ പാത്രങ്ങളാണ് ലഭിച്ചതെന്നാണ് പ്രാഥമിക സൂചനകൾ.ചെമ്പിൽ തീർത്ത ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചേമ്പ് കയറ്റുമതിയിൽ യു.എ.ഇ.അക്കാലത്ത് പ്രധാന പങ്ക് വഹിച്ചിരുന്നുവെന്നതിന്റെ സൂചനയായി ശാസ്ത്രങ്ങൾ ഇതിനെ കാണുന്നു.

ദിൽമാൻ മുദ്രയാണ് പ്രധാനപ്പെട്ട മറ്റൊരു കണ്ടെത്തൽ.ബഹ്‌റൈന്റെയും സമീപ പ്രദേശങ്ങളുടെയും പ്രാചീന നാമമായിരുന്നു ദിൽമാൻ.കപ്പൽ ചരക്കുകൾ അടയാളപ്പെടുത്താനായിരുന്നു കച്ചവടക്കാർ ഈ മുദ്ര ഉപയോഗിച്ചിരുന്നത്.ഈ മുദ്ര നേരത്തെയും യു.എ.ഇയിൽ കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ദഫ്‌റ മേഖലയിൽ നിന്ന് ഇവ കണ്ടെടുക്കുന്നത് ആദ്യമായാണ്.ദിൽമാൻ മുദ്ര കണ്ടെടുത്ത നിമിഷം വളരെ സവിശേഷമായിരുന്നുവെന്നും ഈ കണ്ടെത്തലിന്റെ പ്രാധാന്യം പെട്ടെന്ന് തിരിച്ചറിഞ്ഞുവെന്നും ടി.സി.എ അബുദാബി പുരാവസ്തു ശാസ്ത്രജ്ഞൻ അബ്ദുല്ല ഖൽഫാൻ അൽ കഅബി പറഞ്ഞു.

ചന്ദ്രനിൽ ഒരു മൃഗത്തെയും ഒരു മനുഷ്യനെയും ചിത്രീകരിച്ച വിധത്തിലാണ് ദിൽമാൻ മുദ്ര. ഈ മുദ്രയുടെ അർഥം ഇപ്പോഴും നിഘൂടമാണ്. അബ്ദുല്ല ഖൽഫാൻ അൽ കഅബിയും സഹ പ്രവർത്തകർ അലി അബ്ദുൽ റഹ്‌മാൻ അൽ എംഇഖ്‌ബാലിയും ഇത് സംബന്ധിച്ച പഠനത്തിലാണ്.ഗൾഫ് മേഖലയിൽ നേരത്തെ കണ്ടെത്തിയ മുദ്രകളുമായി താരതമ്യ പഠനം നടത്തി ദിൽമാൻ മുദ്രയുടെ അർഥം തേടുകയാണ്.