സിബിഎസ്ഇ പ്ലസ്ടു ഫലം: 99.6% മാര്‍ക്കോടെ രക്ഷ ഗോപാലിന് ഒന്നാംറാങ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ അസൂയാര്‍ഹമായ വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് നോയിഡയിലെ അമിറ്റി ഇന്റെര്‍നാഷ്ണല്‍ സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാര്‍ത്ഥി രക്ഷ ഗോപാല്‍. 99.6% മാര്‍ക്കോടെയാണ് പരീക്ഷയില്‍ രക്ഷ ഒന്നാംറാങ്ക് നേടിയത്. ചണ്ഡിഗഢിലെ ഡിഎവി സ്‌കൂളില്‍ നിന്നുള്ള ഭൂമി സാവന്ത് ഡേ(99.4%), ചണ്ഡിഗഢില്‍ നിന്ന് തന്നെയുള്ള ഭവന്‍ വിദ്യാലയത്തിലെ ആദിത്യ ജെയിന്‍(99.2%) എന്നിവരുംഉയര്‍ന്ന മാര്‍ക്കോടെ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടുകയായിരുന്നില്ല എന്റെ ലക്ഷ്യം, പക്ഷേ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുക എന്നതായിരുന്നു. വിഷയങ്ങളില്‍ പരിപൂര്‍ണ ശ്രദ്ധ നല്‍കുക എന്നതായിരുന്നു എന്റെ നിലപാട്. എന്റെ വിദ്യാലയവും അധ്യാപകരും ഒരുപാട് സഹായിച്ചിട്ടുണ്ട്. രക്ഷ പറയുന്നു.

പൊളിറ്റിക്കല്‍ സയന്‍സില്‍ ഉന്നതപഠനം നടത്താനാണ് രക്ഷയുടെ ആഗ്രഹം.

82 ശതമാനം പേരാണ് ഇ്ത്തവണ ഉപരിപഠനത്തിന് അര്‍ഹത നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിജയശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 83.05% ആയിരുന്നു ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍.

മോഡറേഷന്‍ നയം സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ മോഡറേഷന്‍ മാര്‍ക്ക് എടുത്തുകളയാന്‍ സിബിഎസ്ഇ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുമ്പോള്‍ ഈ തീരുമാനം എടുത്തിട്ടില്ലായിരുന്നെന്ന കാരണം ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി ഈ തീരുമാനത്തെ എതിര്‍ത്തു.

ഹൈക്കോടതി തീരുമാനത്തെ തുടര്‍ന്ന് ഈ വര്‍ഷം കൂടി മോഡറേഷന്‍ മാര്‍ക്ക് നല്‍കാന്‍ സിബിഎസ്ഇയുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷം മാനവവിഭവശേഷി മന്ത്രാലയം നിര്‍ദ്ദേശിക്കുകയായിരുന്നു.

മാര്‍ച്ച്, ഏപ്രില്‍ മാസത്തിലാണ് സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടന്നത്. സിബിഎസ്ഇ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.(http://cbseresults.nic.in/class12npy/class12th17.htm)