ഒമാനിൽ ഈ ആഴ്ച്ച അന്തരീക്ഷ താപനില ഉയരാൻ സാധ്യത

മസ്കത്ത്:ഒമാനിൽ ഈ ആഴ്ച്ചയിൽ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത . സൗദി മരുഭൂമിയിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റ് ഓമനെ ചൂട് പിടിപ്പിക്കാൻ സാധ്യതയുള്ളതായി ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം വക്താവ് പറഞ്ഞു. ദിബ്ബയിലും, മുസന്ദമയിലുമാണ് താപനില 49 ഡിഗ്രിയിലെത്താൻ ഇടയുള്ളത്. ദിബ്ബയിൽ ഇന്നലെ റെക്കോർഡ് താപനിലയായ 47 ഡിഗ്രി സെൻഷ്യസ് അനുഭവപ്പെട്ടിരുന്നു. മഴക്കുള്ള സാധ്യതകളൊന്നും കാണുന്നില്ല. വരും ദിവസങ്ങളിൽ ചൂട് ഉയരാനാണ് സാധ്യത. സൂർ, ഇബ്രി, ഹിമ എന്നിവിടങ്ങളിൽ താപനില ഇതിനകം 45 ഡിഗ്രി സെൽഷ്യസ് കവിഞ്ഞിട്ടുണ്ട്.

പടിഞ്ഞാറൻ കാറ്റ് മൂലം മരുഭൂ പ്രദേശങ്ങളിൽ ഈ ആഴ്ച്ച താപനില ഉയരും. മസ്കത്തിൽ തിങ്കളാഴ്ച്ച 41.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ഇതും വരും ദിവസങ്ങളിൽ ഉയരാനിടയുണ്ടെന്ന് ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം വക്താവ് പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ ഉണ്ടാകാനിടയുള്ള തണുത്ത വടക്കു പടിഞ്ഞാറൻ കാറ്റ് താപനിലയിൽ കുറവ് വരുത്തും. ഇന്ന് തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്ററുകളിലെ തുറന്ന പ്രദേശങ്ങളിലും മരുഭൂമികളിലും പൊടിക്കാറ്റിനും ദോഫാറിലെ മലനിരകളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് ഒമാനിൽ വേനൽ കഠിനമായി അനുഭവപ്പെടാറ്.