ഇന്ന് ലോക പുകയില വിരുദ്ധ ദിനം; സിഗരറ്റ് പുക മാത്രമല്ല, കുറ്റിയും അപകടകാരി

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. പുകയില ആരോഗത്തിന് മാത്രമല്ല, വികസനത്തിന് കൂടി ഭീഷണിയാണെന്ന വിഷയത്തിലൂന്നിയാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനാചരണം. പുകവലി കഴിഞ്ഞ് ഉപേക്ഷിക്കപ്പെടുന്ന സിഗരറ്റ് കുറ്റികൡ നിന്നും അന്തരീക്ഷത്തിലേക്ക് ചോരുന്ന രാസവസ്തുക്കള്‍ പരിസ്ഥിതിക്ക് ഏറെ ദോഷമുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭ വികസന പരിപാടിയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഒരോ തവണയും നഗരം വൃത്തിയാക്കുമ്പോള്‍ ആയിരക്കണക്കിന് കിലോ സിഗരറ്റ് മാലിന്യമാണ് ദുബായില്‍ നിന്നും ശേഖരിക്കപ്പെടുന്നത്. പുകവലിക്ക് 500 ദിര്‍ഹം പിഴയുണ്ടായിട്ടുമുള്ള അവസ്ഥയാണിത്.

അടുത്തിടെ ഷെയ്ഖ് സയിദ് റോഡില്‍ നിന്നും ദുബൈ മുനിസിപ്പാലിറ്റി ഒറ്റദിവസം കൊണ്ട് 30 കിലോഗ്രാം സിഗരറ്റ് മാലിന്യം ശേഖരിച്ചുവെന്ന് പറഞ്ഞാല്‍ എത്രത്തോളം ഭീകരമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മനസിലാകും. നഗരത്തിലെ ട്രാഫിക് ലൈറ്റുകള്‍, മെട്രോ സ്‌റ്റേഷന്‍ കവാടങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങാണ് പ്രധാനമായും സിഗരറ്റ് കുറ്റി കാണപ്പെടുന്ന ഇടങ്ങള്‍. മനുഷ്യര്‍ക്ക് വൃത്തിയാക്കാന്‍ പറ്റാത്ത മൂലകളിലും മറ്റുമുള്ള ഇടങ്ങളില്‍ നിന്ന് സിഗരറ്റ് കുറ്റി അടക്കമുള്ള ചെറിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള 40ഓളം പുതിയ ഉപകരണങ്ങള്‍ അടുത്തിടെ മുനിസിപ്പാലിറ്റി മാലിന്യസംസ്‌കരണ വിഭാഗം വാങ്ങിക്കുകയുണ്ടായി.

ഐക്യരാഷ്ട്ര സഭ വികസന പരിപാടി(യുഎന്‍ഡിപി)യുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് 4.5 ട്രില്യണ്‍ സിഗരറ്റ് കുറ്റികളാണ് പ്രതിവര്‍ഷം പുകവലിക്ക് ശേഷം വലിച്ചെറിയപ്പെടുന്നത്. ഇവയില്‍ വലിയൊരു ശതമാനം സമുദ്രങ്ങളിലേക്കും തീരങ്ങളിലേക്കും എത്തപ്പെടുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത. പുകവലിശീലം ആളുകളില്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വരുംകാലങ്ങളില്‍ ഇതിലും മോശമാകും.

ആയിരക്കണക്കിന് രാസവസ്തുക്കളാണ് സിഗരറ്റ് ഫില്‍റ്ററുകളില്‍ അടങ്ങിയിരിക്കുന്നത്. ആര്‍സെനിക്, ലെഡ്, നിക്കോട്ടിന്‍, ഇഥൈല്‍ ഫിനോള്‍, എന്നിവ അവയില്‍ ചിലത് മാത്രം. ഇവ മനുഷ്യരുടെ ആരോഗ്യത്തെ മാത്രമല്ല പരിസ്ഥിതിയുടെ ആരോഗ്യത്തെയും ഇല്ലാതാക്കി കൊണ്ടിരിക്കുന്നു.

സിഗരറ്റ് കുറ്റികള്‍ നിരത്തുകളിലേക്കും മറ്റും വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നതടക്കമുള്ള ശിക്ഷകളെ കുറിച്ച് ദുബായ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നുണ്ട്.

പുകവലിയുടെ കാര്യത്തില്‍ ലോകത്തില്‍ 76ാം സ്ഥാനമാണ് യുഎഇയ്ക്ക്. ഇവിടെ ഒരു വര്‍ഷം ഒരാള്‍ 715.01 സിഗരറ്റുകള്‍ വലിച്ചുതള്ളുന്നു എന്നാണ് കണക്ക്. സിഗരറ്റ് ഉപഭോഗത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാംസ്ഥാനം ചൈനയ്ക്കാണ്. പ്രതിവര്‍ഷം ചൈനയില്‍ ഒരാള്‍ 4,124 സിഗരറ്റുകള്‍ വലിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തില്‍ സിഗരറ്റ് വലിയുടെ കാര്യത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്നത് ഗിനിയ ആണ്. പ്രതിവര്‍ഷം കേവലം 15 സിഗരറ്റുകള്‍ മാത്രമാണ് ഇവിടെ ഒരാള്‍ വലിക്കുന്നത്.