“വിശുദ്ധ ഖുർആൻ – നന്മയുടെ വാതായനം” പൊന്മുള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ജൂൺ -3, ദുബൈ അൽ നാസർ ലെഷർ ലാൻഡിൽ.

ദുബൈ: ഇരുപത്തി ഒന്നാമതു ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ പരിപാടികളുടെ ഭാഗമായി നടത്തുന്ന റമളാൻ പ്രഭാഷണ പരിപാടിയിൽ സമസ്ത കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി പൊന്മുള അബ്ദുൽ ഖാദിർ മുസ്‌ലിയാർ “വിശുദ്ധ ഖുർആൻ – നന്മയുടെ വാതായനം” എന്ന വിഷയത്തിൽ ജൂൺ -3, ശനിയാഴ്ച്ച ദുബൈ അൽ നാസർ ലെഷർ ലാൻഡ് ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തുന്നു. പരിപാടിയിൽ ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി പ്രതിനിധികൾ, യു.എ.ഇ. ഗവൺമെൻറ് പ്രതിനിധികൾ, സാമൂഹ്യ – സാംസ്‌കാരിക, വാണിജ്യ രംഗത്തെ പ്രമുഖർ, പ്രാസ്ഥാനിക നേതാക്കൾ തുടങ്ങിയവർ അതിഥികളായി സംബന്ധിക്കുമെന്നു ദുബൈ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചു. ദുബൈ ഔഖാഫിൻറെ അംഗീകാരത്തോടെ മൂന്നര പതിറ്റാണ്ടിലധികമായി ദുബായിൽ മത,സാമൂഹിക,സാംസ്‌കാരിക,മേഖലയിൽ തങ്ങളുടെ കർമ്മ മേഖലാ പാടവം വ്യക്തമായി തെളിയിച്ചു പ്രവർത്തിക്കുന്ന ദുബൈ മർകസ്, ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ഡിപ്പാർട്മെന്റിന്റെ റമളാൻ പരിപാടിയായ ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് റമളാൻ ഗാതറിംഗിൽ മർകസ് പ്രതിനിധി ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഈ വര്ഷം പങ്കെടുക്കുന്നുമുണ്ട് . പ്രഭാഷണം ശ്രവിക്കാൻ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ദുബായിൽ നടന്ന പത്ര സമ്മേളനത്തിൽ എ.കെ. അബൂബക്കർ മൗലവി കട്ടിപ്പാറ ( മാനേജർ, മർകസ് ദുബൈ ) മുസ്തഫ ദാരിമി വിളയൂർ ( പ്രസിഡന്റ്, മർകസ് ദുബൈ ) അബൂബക്കർ കോളോത്ത് ( സെക്രട്ടറി, മർകസ് ദുബൈ ) അബ്ദുസലാം സഖാഫി എരഞ്ഞിമാവ് ( പബ്ലിക് റിലേഷൻ മാനേജർ, മർകസ് ദുബൈ ) എന്നിവർ പങ്കെടുത്തു.