തമീമിനെ സ്ലെഡ്ജ് ചെയ്ത സ്റ്റോക്‌സിനെ ‘കൈകാര്യം’ ചെയ്ത് സ്വന്തം കാണികള്‍

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലീഷ് ബംഗ്ലാ താരങ്ങളുടെ പരസ്യ പോര്. ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്‌സും ബംഗ്ലാദേശ് താരം തമീം ഇഖ്ബുല്‍ തമ്മിലാണ് വാക് പോര് നടത്തിയത്.

ബംഗ്ലാദേശ് ബാറ്റിംഗിന്റെ 32ാം ഓവറിലായിരുന്നു ഈ സംഭവം. സ്റ്റോക്ക്സിനെ തമീം അനായാസം ബൗളറി കടത്തിയതാണ് ഇംഗ്ലീഷ് താരത്തെ പ്രകോപിപ്പിച്ചത്. ഇതോടെ തമീമിനെ പ്രകോപിപ്പിക്കാനെന്ന വണ്ണം സ്റ്റോക്‌സ് താരത്തിന്റെ തോളില്‍ തട്ടി പുശ്ചത്തോടെ ഒരു ചിരിയും പാസ്സാക്കി കടന്നു പോയി.

സംഗതി തമീമിന് തീരെ ഇഷ്ടപ്പെട്ടില്ല. സ്റ്റോക്കസിന്റെ കൈ തട്ടി മാറ്റിയാണ് തമീം പ്രതികരിച്ചത്. ഇതോടെ താരങ്ങള്‍ തമ്മില്‍ വാക്ക് പോര് ആരംഭിച്ചു. പോയി ബൗളെറിയെടോ എന്നര്‍ത്ഥത്തില്‍ തമീം ആംഗ്യം കാണിക്കുകയും ചെയ്തു. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഈ ഓവറിനിടെ ഇരുവരും പലവട്ടം കൊമ്പുകോര്‍ക്കുന്നതിനും സ്‌റ്റേഡിയം സാക്ഷം വഹിച്ചു. അവിടം കൊണ്ട് തീരുമെന്ന് കരുതിയെങ്കിലും തീര്‍ന്നില്ല. ഫീല്‍ഡ് ചെയ്യാനായി മടങ്ങുന്നതിനിടേയും സ്റ്റോക്കസ് തമീമുമായി വാഗ്വാദത്തിലേര്‍പ്പെട്ടു.

ഇതോടെ സ്വന്തം താരത്തിനെതിരെ ആരാധകര്‍ രംഗത്ത് വരുന്ന കാഴ്ച്ചയും സ്‌റ്റേഡിയം കണ്ടു. ഫീല്‍ഡ് ചെയ്യാനായി മടങ്ങിയ സ്റ്റോക്കസിനെ കാണികള്‍ കൂവി വിളിച്ചായിരുന്നു വരവേറ്റത്. തമീം മത്സരത്തില്‍ സെഞ്ച്വറി നേടുകയും ചെയ്തു.

അതെസമയം മത്സരം ഇംഗ്ലണ്ട് അനായാസം വിജയിച്ചു. എട്ട് വിക്കറ്റിനാണ് ഇംഗ്ലീഷ് ജയം. ബംഗ്ലാദേശിന്റെ 305 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.