മഴ കളിച്ചു; ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ മത്സരം ഉപേക്ഷിച്ചു

ലണ്ടന്‍ : കനത്ത മഴയെ തുടര്‍ന്ന് ചാംമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡ് – ഓസ്‌ട്രേലിയ മല്‍സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് മഴമൂലം 46 ഓവറാക്കി കുറച്ച മല്‍സരത്തില്‍ 291 റണ്‍സ് നേടി. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ വിജയലക്ഷ്യം മഴമൂലം ആദ്യം 33 ഓവറില്‍ 235 റണ്‍സാക്കി വെട്ടികുറച്ചു.

എന്നാല്‍ ഒന്‍പത് ഓവര്‍ മാത്രം ബൗള്‍ ചെയ്തപ്പോള്‍ മഴ വീണ്ടും വില്ലനായി. തുടര്‍ന്ന് മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒന്‍പതോവറില്‍ 53 റണ്‍സിന് മൂന്നു വിക്കറ്റ് എന്ന നിലയിലായിരുന്നു ഓസീസ്.

18 റണ്‍സ് നേടിയ വാര്‍ണര്‍, ഹെന്‍ട്രിക്വിസ് എന്നിവരുടെയും എട്ട് റണ്‍സെടുത്ത ഫിഞ്ചിന്റെയും വിക്കറ്റാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്. ന്യൂസീലന്‍ഡിനായി മില്‍നെ രണ്ടു വിക്കറ്റും ബോര്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ഒരു ഓവര്‍ ബാക്കി നില്‍ക്കെ 291 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ഒന്‍പതാം ഏകദിന സെഞ്ചറിയുടെയും (97 പന്തില്‍ 100) ലൂക്ക് റോഞ്ചിയുടെ അര്‍ധസെഞ്ചുറിയുടെയും (43 പന്തില്‍ 65) മികവില്‍ 39 ഓവറില്‍ മൂന്നിന് 254 റണ്‍സെന്ന നിലയിലായിരുന്ന ന്യൂസീലന്‍ഡിനെ, ആറു വിക്കറ്റ് നേടിയ ജോഷ് ഹെയ്‌സല്‍വുഡാണ് തകര്‍ത്തത്. ഒന്‍പത് ഓവറില്‍ 52 റണ്‍സ് വഴങ്ങിയാണ് ഹെയ്‌സല്‍വുഡ് ആറു വിക്കറ്റ് വീഴ്ത്തിയത്.