കുടിയിറക്കപ്പെട്ട കുടുംബത്തിന് അഭയമൊരുക്കി ഷാർജ പോലീസ്​

ദുബായ്:വാടക നൽകാത്തതിനാൽ വീട്ടുടമ വീട്ടിൽ നിന്നും ഇറക്കി വിട്ട കുടുംബത്തിന് അഭയമൊരുക്കി ഷാർജ പോലീസ്. 20 ദിവസമായി താമസിക്കാനിടയില്ലാതെ കാറിനുള്ളിൽ കഴിച്ചു കൂട്ടിയ അറബ് കുടുംബത്തെ പോലീസ് ഇടപെട്ട് ഹോട്ടലിലേക്ക് മാറ്റി. മാതാപിതാക്കളും ഒൻപതും അഞ്ചും വയസ്സ് പ്രായമുള്ള കുട്ടികളും അടങ്ങുന്ന കുടുംബം ബുതീനയിൽ ഒരിടത്ത് കാർ പാർക്ക് ചെയ്ത് അതിനുള്ളിലാണ് താമസിച്ചിരുന്നത്.

ഗൃഹനാഥൻ ആറ് മായാസമായി വിദേശത്തായതിനാൽ വാടക ചെക്കുകൾ കുടിശ്ശികയാവുകയായിരുന്നു. തിരിച്ചെത്തിയ ഇയാൾ ഒരു ചെക്കിന്റ പണം നൽകുകയും മറ്റുള്ളവ പരിഹരിക്കാൻ സാവകാശം ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ അതിന് കൂട്ടാക്കാതെ വീട്ടുകാരൻ ഇറക്കി വിടുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.

ഉടുത്തുമാറാൻ വസ്ത്രങ്ങൾ പോലുമില്ലാതെ ഇറക്കിവിട്ട കുടുംബത്തിന്റെ ദുരാവസ്ഥ സംബന്ധിച്ച വിവരം ലഭിച്ച ഷാർജ പോലീസ് മേധാവി ബ്രിഗേഡിയർ സൈഫ് അൽ ഷംസി അൽ സെറിയുടെ നിർദേശപ്രകാരം പോലീസ് സംഘം വിഷയത്തിൽ ഇടപെടുകയായിരുന്നു. കുടുംബത്തിന് മികച്ച ഹോട്ടലിൽ താൽക്കാലിക താമസത്തിന് സൗകര്യമൊരുക്കുക മാത്രമല്ല പോലീസ് സംഘം വീട്ടുടമയോട് സംസാരിച്ച് കുടിശ്ശിക തീർപ്പാക്കാനും നടപടി സ്വീകരിച്ചു വരികയാണ്.