സന്നാഹമത്സരം: നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

മുംബൈ: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് പോരാട്ടത്തിനു മുന്നോടിയായുള്ള സന്നാഹമല്‍സരത്തില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് മികച്ച ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് നേപ്പാളിനെ ഇന്ത്യ തോല്‍പിച്ചത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും.

സന്ദേശ് ജിങ്കാന്‍ (60), ജെജെ ലാല്‍പുഖൂലെ (78) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ ബിറാജ് മഹാര്‍ജന്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതിനാല്‍ 10 പേരുമായാണ് നേപ്പാള്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. ബെംഗളൂരുവില്‍ 13ന് കിര്‍ഗിസ്ഥാനെതിരെയാണ് ഇന്ത്യയുടെ എഎഫ്‌സി കപ്പ് ഗ്രൂപ്പ് എ യോഗ്യതാ പോരാട്ടം.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, മലയാളി താരം സി.കെ. വിനീത് എന്നിവരെക്കൂടാതെയാണ് നേപ്പാളിനെതിരായ മല്‍സരതതില്‍ ഇന്ത്യ ഇറങ്ങിയത്. അതേസമയം, മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനില്‍ ഇടം നേടി. ആദ്യ പകുതിയില്‍ തീര്‍ത്തും മോശം പ്രകടനമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയ്ക്ക് ആശ്വാസമേകിയ ഗോളുകളെത്തിയത്.

ഇതോടെ, 18 വര്‍ഷമായി ഇന്ത്യയെ തോല്‍പിക്കാനായിട്ടില്ലെന്ന ‘റെക്കോര്‍ഡ്’ നേപ്പാള്‍ നിലനിര്‍ത്തി. 1999 സാഫ് ഗെയിംസിലായിരുന്നു ഇന്ത്യ അവസാനമായി നേപ്പാളിനോടു തോറ്റത്. അതിനു ശേഷം ഒന്‍പതു വട്ടം ഇരുടീമും കളത്തില്‍ കണ്ടുമുട്ടി. രണ്ടു സമനിലകളൊഴിച്ചാല്‍ ബാക്കിയെല്ലാ മല്‍സരത്തിലും ഇന്ത്യ ആധികാരികമായി ജയിച്ചു.