ഐവറി കോസ്റ്റ് ഫുട്ബാൾ താരം ഷെയ്ക് ടിയോത്തെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

ബെയ്ജിങ്: ഐവറി കോസ്റ്റ് ഫുട്‌ബോള്‍ താരം ഷെയ്ക് ടിയോത്തെ പരിശീലനത്തിനിടെ മരിച്ചു. ആറ് വര്‍ഷം പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ യുനൈറ്റഡിന്റെ താരമായിരുന്ന ടിയോത്തി ചൈനീസ് ക്ലബ്ബ് ബെയ്ജിങ് എന്റര്‍പ്രൈസസില്‍ പരിശീലനം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 30-കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല. മിഡ്ഫീല്‍ഡറായി കളിച്ചിരുന്ന ടിയോത്തെ നാലു മാസം മുമ്പാണ് ചൈനീസ് ലീഗിലേക്ക് കൂടുമാറിയത്. ഭാര്യ മദാഹ് ഈ ആഴ്ച പ്രസവിക്കാനിരിക്കെയായിരുന്നു തിയോത്തെയുടെ മരണം.

ഐവറി കോസ്റ്റിനു വേണ്ടി 52 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ടിയോത്തെ 2010, 2014 ലോകകപ്പുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ന്യൂകാസിലിനു വേണ്ടി 139 മത്സരങ്ങള്‍ കളിച്ചു. ഈ വര്‍ഷമാണ് ചൈനീസ് ലീഗിലേക്ക് മാറിയത്.
വൈകുന്നേരത്തെ പരിശീലനത്തിനിടെയാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച ഷെയ്ക് ടിയോത്തിയുടെ മരണം. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് സൂചന.