റമദാന്‍: ദുബായ് മാളുകളുടെ പ്രവര്‍ത്തനസമയം നീട്ടി

റമദാന്‍ പ്രമാണിച്ച് ദുബായിലെ പ്രമുഖ മാളുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ചു. ഷോപ്പിംഗിനെത്തുന്നവരെ കൂടുതല്‍ സമയം മാളുകളില്‍ പിടിച്ചുനിര്‍ത്തി കൂടുതല്‍ ഷോപ്പിംഗിന് അവസരമൊരുക്കുക എന്ന വിപണന തന്ത്രത്തിന്റെ ഭാഗമായാണ് അര്‍ധരാത്രിക്ക് ശേഷവും പ്രവര്‍ത്തിക്കാന്‍ മാളുകള്‍ തീരുമാനിച്ചത്.

ഷോപ്പിംഗിന് പുറമേ നോമ്പുതുറയ്ക്ക് ശേഷം ഫുഡ്‌കോര്‍ട്ടുകളില്‍ ആളുകളെ ആകര്‍ഷിക്കുന്നതിന് കൂടിയാണ് മാളുകള്‍ കൂടുതല്‍ നേരം തുറന്നിടുന്നത്. റമദാന് ഉപവാസിക്കാത്തവര്‍ക്കായി ചില മാളുകളില്‍ ഫുഡ് കോര്‍ട്ടുകള്‍ പകല്‍സമയവും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

മിക്ക മാളുകളിലും ഷോപ്പിംഗ്‌സമയം രാവിലെ മുതല്‍ രാത്രി 1 മണി വരെയായി നീട്ടിയിട്ടുണ്ട്. അതേസമയം ഭൂരിഭാഗം കഫേകളും റെസ്‌റ്റോറന്റുകളും ഫുഡ്‌കോര്‍ട്ടുകളും ഇഫ്താര്‍ സമയം മുതലായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക. മാള്‍ ഓഫ് എമിറേറ്റിലെ കഫേകളും റെസ്‌റ്റോറന്റുകളും ഫുഡ്‌കോര്‍ട്ടുകളും മെയ് 27 മുതല്‍ ജൂണ്‍ 17 വരെ രാവിലെ 10 മണി മുതല്‍ രാത്രി 2 മണി വരെയും ജൂണ്‍ 18 മുതല്‍ ജൂലൈ 1 വരെ രാവിലെ 10 മണി മുതല്‍ രാത്രി 3 മണി വരെയും പ്രവര്‍ത്തിക്കും.

സൂക് മദിനത് ജൂമൈരിയായിലെ കഫേകളും റെസ്‌റ്റോറന്റുകളും ഫുഡ്‌കോര്‍ട്ടുകളും വൈകുന്നേരം 8 മണി മുതല്‍ രാത്രി 2 മണി വരെ പ്രവര്‍ത്തിക്കും.