ഇറാനില്‍ ഇരട്ട ഭീകരാക്രണത്തില്‍ 5 മരണം; ആക്രമണം പാര്‍ലമെന്റിലും ഖൊമൈനി ശവകുടീരത്തിലും

ടെഹ്‌റാന്‍: തോക്കുധാരികളും ചാവേറുകളും നടത്തിയ ഭീകരാക്രമണത്തില്‍ ഇറാനില്‍ അഞ്ച് മരണം. പാര്‍ലമെന്റിലും അയത്തുള്ള ഖൊമൈനി ശവകുടീരത്തിലുമാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതായി ഔദ്യോഗിക മാധ്യമം അമാഖ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ നിരവിധി പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകളോളം വെടിവെപ്പ് തുടര്‍ന്നതായാണ് വിവരം.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ പാര്‍ലമെന്റ് കെട്ടിടത്തില്‍ അതിക്രമിച്ച് കടന്ന നാല് തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാളും കൊല്ലപ്പെട്ടതായി ഐഎസ്എന്‍എ വാര്‍ത്താ ഏജന്‍സി അറിയിച്ചു. അക്രമമികളിലൊരാള്‍ പാര്‍ലമെന്റ് ഓഫീസ് കെട്ടിത്തിന്റെ നാലാംനിലയില്‍ വച്ച് സ്വയം തീവെച്ചു.

അയത്തുള്ള കോമേനി ശവകുടീരത്തില്‍ അതിക്രമിച്ച് കടന്ന ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൂന്തോട്ടം സൂക്ഷിപ്പുകാരന്‍ കൊല്ലപ്പെട്ടു. ഇവിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ചാവേറുകളില്‍ ഒരാള്‍ വനിതയാണെന്നും റിപ്പോര്‍ട്ടുണ്ട്. ശവകുടീരത്തിലെ സ്മാരകത്തിന് പുറത്ത് വച്ച് ഒരു വനിത ചാവേര്‍ സ്വയം തീവെച്ചു. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു വനിതയെ ആറ് ഗ്രനേഡുകളോടെ അറസ്റ്റ് ചെയ്തതായി മിസാന്‍ ഓണ്‍ലൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സംഭവസമയം പാര്‍ലമെന്റില്‍ സഭ നടക്കുകയായിരുന്നു. പാര്‍ലമെന്റ് ഓഫീസ് കെട്ടിടങ്ങള്‍ക്ക് ചുറ്റും വെടിവെപ്പ് നടക്കുമ്പോല്‍ സഭാനടപടികള്‍ തുടരുന്നത് തത്സമയ ദൃശ്യങ്ങളില്‍ കാണാം. നിസ്സാര കാര്യമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്കാര്യം നോക്കിക്കോളുമെന്നും പറഞ്ഞ് സ്പീക്കര്‍ അലി ലരിജനി ആക്രമണത്തെ തള്ളി.

തെക്കന്‍ ടെഹ്‌റാനിലെ കോമേനി സ്മാരകത്തില്‍ നാലോളം ആളുകള്‍ പടിഞ്ഞാറന്‍ പ്രവേശന കവാടം വഴി വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സ്മാരകം ഉദ്യോഗസ്ഥന്‍ അറിയിച്ചു. പാര്‍ലമെന്റില്‍ നിന്നും 20 കി.മീ അകലെയാണ് കോമേനി സ്മാരകം. 1979ല്‍ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്‍കിയ ആളാണ് കോമേനി.

ആക്രമണങ്ങളെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ ശക്തമാക്കി. റോഡുകള്‍ പലതും അടച്ചിട്ടു, ചില മെട്രോ സ്‌റ്റേഷനുകളും അടച്ചിട്ടിട്ടുണ്ട്. സ്മാരകപ്രദേശത്ത് പ്രവേശിക്കുന്നതില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ പോലീസ് വിലക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്തതായി ആഭ്യന്തരമന്ത്രി അബ്ദുറഹ്മാന്‍ ഫാസില്‍ അറിയിച്ചു.

ഷിയ പ്രബല കേന്ദ്രമായ ഇറാന്‍ ഇറാനെയും സുന്നി തീവ്രവാദ സംഘടന യുദ്ധം നടത്തുന്ന സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തെയും സഹായിക്കുന്നുണ്ട്. ഐഎസ് അടക്കമുള്ള ജിദ്ദായിസ്റ്റ് സംഘടനകളുടെ ആക്രമണ കേന്ദ്രങ്ങളിലൊന്നാണ് ഇറാന്‍ . മാര്‍ച്ചില്‍ ഐഎസ് പുറത്തുവിട്ട പേര്‍ഷ്യന്‍ ഭാഷയിലുള്ള ഒരു വീഡിയോയില്‍ ഇറാനെ കീഴ്‌പ്പെടുത്തി മുമ്പത്തെ പോലെ സുന്നി മുസ്ലീം രാഷ്ട്രമാക്കി മാറ്റുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.