ചാമ്പ്യന്‍സ് ട്രോഫി: ധവാന്റെ സെഞ്ച്വറി പാഴായി; ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ധവാന്റെ സെഞ്ച്വറി മികവില്‍ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയിട്ടും ഏഴ് വിക്കറ്റിനാണ് ടീം ഇന്ത്യ തോറ്റത്. ടൂര്‍ണമെന്റില്‍ ലങ്കയുടെ ആദ്യ ജയമാണിത്.

ഗ്രൂപ്പില്‍ നാലു ടീമുകളും ഓരോ മല്‍സരം ജയിച്ചതോടെ അവസാന മല്‍സരങ്ങള്‍ നിര്‍ണായകമായി. ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത കളി ഇന്ത്യയ്ക്കു ജയിച്ചേ മതിയാകൂ. ശ്രീലങ്ക-പാക്കിസ്താന്‍ മല്‍സരവിജയികളും സെമിയിലെത്തും.

സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ ആറിന് 321. ശ്രീലങ്ക 48.4 ഓവറില്‍ മൂന്നു വിക്കറ്റിന് 322.

89 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കന്‍ ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. ധനുഷ്‌ക ഗുണതിലക (76) മികച്ച കൂട്ടായി. കുശാല്‍ പെരേര (47 റിട്ട.ഹര്‍ട്ട്), ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ് (52*), ഗുണരത്‌നെ (27 പന്തില്‍ പുറത്താകാതെ 34) എന്നിവരും മികവു തെളിയിച്ചതോടെ ലങ്ക അനായാസം വിജയതീരമണഞ്ഞു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. 125 റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായ ശിഖര്‍ ധവാന്റെ സെഞ്ച്വറി പാഴായി. ശിഖര്‍ ധവാന്റെ സെഞ്ച്വറിയും രോഹിത് ശര്‍മയുടേയും ധോണിയുടേയും അര്‍ധസെഞ്ചുറികളുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത രോഹിതും ധവാനും ഓപ്പണിങ് വിക്കറ്റില്‍ 138 റണ്‍സ് അടിച്ചെടുത്തു.

അവസാന ഓവറുകളില്‍ കത്തിക്കയറിയ മുന്‍ ക്യാപ്റ്റന്‍ ധോണിയും (63) 13 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 25 റണ്‍സെടുത്ത കേദാര്‍ ജാദവുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 52 പന്തില്‍ ഏഴു ഫോറും രണ്ട് സിക്‌സറും പറത്തിയാണ് ധോണി 63 റണ്‍സെടുത്തത്