യു.എ.ഇ കൃത്രിമ മഴ പദ്ധതി വിപുലീകരിക്കുന്നു

ദുബായ്:ലോക രാജ്യങ്ങൾക്ക് മാതൃകയായ യു എ ഇയുടെ കൃത്രിമ മഴ പദ്ധതി യു.എസ് സഹകരണത്തോടെ വിപുലമാക്കുന്നു. കൂടുതൽ വേഗത്തിൽ മഴ പെയ്യിക്കാനുള്ള സാങ്കേതിക വിദ്യകൾ ആർജിക്കുന്നതോടൊപ്പം മഴ ലാഭ്യത കൂട്ടാനും ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി യു.എ.ഇ ശാസ്ത്ര സംഘം യു.എസിലെ വിവിധ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയും സാങ്കേതിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ വ്യാപകമായി മഴപെയ്യിച്ച് യു.എ.ഇ ശാസ്ത്രജ്ഞർ ലോകശ്രദ്ധകൈവരിച്ചതോടൊപ്പം തന്നെ ഏറ്റവും വേഗത്തിൽ പരമാവധി മഴ ലഭ്യമാക്കാനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.എ.ഇ. ഇതിനായി പല ശാസ്ത്രജ്ഞന്മാരുമായും ചർച്ച നടത്തുകയും ചെയ്തു. കൃത്രിമ മഴ പദ്ധതി ഏറ്റവും ലളിതമാക്കാനായി ലഭ്യമായ മഴമേഘങ്ങളിലെ നീരാവി ഖനീകരിച്ച് മഴത്തുള്ളികളാക്കുന്ന പ്രക്രിയ ഏറ്റവും വേഗത്തിലാക്കാനാണ് തീരുമാനം.

നൂതന ഉപകരണങ്ങൾ ഘടിപ്പിച്ച വിമാനങ്ങളും റഡാർ സാങ്കേതിക വിദ്യയും വികസിപ്പിക്കുകയെന്നതും പ്രധാനമാണ്. നിലവിൽ മഴമേഘ പദ്ധതിയുടെ ഏറ്റവും മികച്ച സങ്കേത്തികവിദ്യ കൈവശമുള്ള രാജ്യമായ യു.എ.ഇയെ യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ അതീവ താല്പര്യത്തോടെയാണ് കാണുന്നത്. മഴ ലഭ്യത കൂടുന്നതോടെ പല മേകലകളും സാമ്പത്തികമായി മുന്നേറുമെന്നാണ് പ്രതീക്ഷ.