‘സംശയകരമായ സംഭാഷണം’: ലണ്ടന്‍ വിമാനം വഴിതിരിച്ചു വിട്ടു

EasyJet A319 HB-JZG

യാത്രക്കാരില്‍ ചിലരില്‍ നിന്ന് സംശയകരമായ സംഭാഷണം ഉയര്‍ന്നതിനെ തുടര്‍ന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസി ജെറ്റ് വിമാനം കൊളോണിലേക്ക് വഴിതിരിച്ചു വിട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജര്‍മ്മന്‍ പോലീസ് അറിയിച്ചു.

തീവ്രവാദ ആക്രമണങ്ങളെ കുറിച്ച് ചില യാത്രികര്‍ സംസാരിക്കുന്നത് കേട്ടതായി സഹയാത്രികര്‍ വിമാന ജീവനക്കാരോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി കൊളോണില്‍ ഇറക്കാന്‍ പൈലറ്റ് തീരുമാനിച്ചതെന്ന് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെ ജര്‍മ്മന്‍ പോലീസ് എഎഫ്പിയോട് വ്യക്തമാക്കി.

കൊളോണിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം വിമാനത്തിലുണ്ടായിരുന്ന 151 യാത്രികരെയും അടിയന്തര രക്ഷാമാര്‍ഗങ്ങളിലൂടെ പുറത്തിറക്കി.

സംശയകരമായി പെരുമാറിയ മൂന്നുപേരെ കൊളോണ്‍ പോലീസിന് കൈമാറി. ഇവരുടെ ബാഗുകള്‍ ബോംബ് സ്വാഡ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും തീവ്രവാദ ഭീഷണി സംശയിക്കത്തക്ക എന്തെങ്കിലും ബാഗുകളില്‍ നിന്ന് കണ്ടെടുത്തോ എന്നത് പോലീസ് വ്യക്തമാക്കിയിട്ടില്ല.