ബ്ലൂ വെയില്‍ എന്ന ‘മരണക്കളി’യുടെ നിര്‍മ്മാതാവ് അറസ്റ്റില്‍

ഒടുവില്‍ ആ മരണക്കളിയുടെ ബുദ്ധികേന്ദ്രം റഷ്യന്‍ പോലീസിന്റെ വലയിലായി. സാഹസികമായ പല ഘട്ടങ്ങളിലും എത്തിച്ച് കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബ്ലൂ വെയില്‍ എന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ നിര്‍മ്മാതാവ് ഇലിയ സിദൊറോവ് എന്ന 26കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി ടെലഗ്രാഫ്, ഡെയ്‌ലിമെയില്‍ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ 32ഓളം കൗമാരക്കാര്‍ ഈ ഗെയിം കളിച്ച് മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചോദ്യം ചെയ്യലിനൊടുവില്‍ സിദൊറോവ് കുറ്റം സമ്മതിച്ചതായാണ് വിവരം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ബ്ലൂവെയില്‍ ഗെയിം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ട്രെയിനിന് അടിയിലേക്ക് ചാടാന്‍ പ്രേരിപ്പിച്ചത് എങ്ങനെയാണെന്ന് വിശദീകരിച്ച സിദൊറോവ് 50 സ്‌റ്റേജുകളുള്ള വിശദമായ ഓണ്‍ലൈന്‍ ഗെയിമിന് രൂപം നല്‍കിയതായി സമ്മതിച്ചു. കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ ഇരകളാകുന്ന ഈ മരണക്കളിയുടെ അവസാന സ്‌റ്റേജ് ആത്മഹത്യ ചെയ്യലാണ്.

മോസ്‌കോയില്‍ ഒരു കെട്ടിടത്തിന് മുകളില്‍ നിന്നുമാണ് പോസ്റ്റുമാനായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണ് ഈ ഗെയിമിന്റെ ഇരകള്‍. റഷ്യയില്‍ തുടക്കമിട്ട ഈ ഗെയിം അമ്പത് ദിവസത്തിനുള്ളില്‍ അതിസാഹസികമായ ഭീകരകൃത്യങ്ങള്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. കളിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് ഇതിന്റെ അവസാനഘട്ടം.

ബ്ലൂ വെയില്‍ ഗെയിം യുഎഇയിലേക്ക് എത്തുന്നു എന്ന ഭീതിയിലായിരുന്നു യുഎഇയിലെ മാതാപിതാക്കള്‍. അതേസമയം ഈ ഗെയിം യുഎഇയിലെത്തിയതായോ ഇത്തരത്തിലുള്ള ആത്മഹത്യകള്‍ ഉണ്ടായതായോ വിവരം ലഭിച്ചിട്ടില്ലെന്ന് ദുബായ് പോലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളെ നിരന്തരം നിരീക്ഷിക്കണമെന്ന്് പോലീസും സ്‌കൂള്‍ അധികൃതരും മാതാപിതാക്കളെ നിര്‍ദ്ദേശിച്ചു.