ചൈനീസ് ഷിപ്പിംഗ് കമ്പനി ഖത്തര്‍ സേവനം നിര്‍ത്തിവെച്ചു

ബീജിംഗ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ ചൈനയിലെ കോസ്‌കോ ഖത്തറില്‍ നിന്നും ഖത്തറിലേക്കുമുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നതായി അറിയിച്ചു. ഒമ്പത് അറബ് രാഷ്ട്രങ്ങള്‍ ദോഹയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് കോസ്‌കോ അറിയിച്ചു.

ബഹറിന്‍, സൗദി അറേബ്യ, യുഎഇ, ഈജിപത്, യെമന്‍, ലിബിയ, മാലിദ്വീപ്, മൗറീഷ്യസ്, മൗറിട്ടാനി തുടങ്ങിയ രാഷ്ട്രങ്ങള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ച് ഖത്തറുമായുള്ള ബന്ധങ്ങള്‍ നിര്‍ത്തലാക്കിയതായി എഫെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അസ്ഥിരമായ ഈ സാഹചര്യത്തില്‍, തങ്ങളുടെ ഇടപാടുകാരുടെ താത്പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് അടിയന്തരമായി ഖത്തറിലേക്കും ഖത്തറില്‍ നിന്നുമുള്ള ഷിപ്പ്‌മെന്റ് നിര്‍ത്തിവെക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് അയച്ച നോട്ടീസില്‍ കമ്പനി വ്യക്തമാക്കി.

തായ്‌വാന്റെ എവര്‍ഗ്രീന്‍, ഹോങ്കോങ്ങിലെ ഒഒസിഎല്‍ എന്നീ കമ്പനികളും ഇതിനോടകം ഖത്തര്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.

അതേസമയം ഇതിനോടകം ഖത്തറിലെ ഹമദിലുള്ള പ്രധാന തുറമുഖത്തേക്ക് തിരിച്ച കപ്പലുകളെ തീരുമാനം ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.