രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനത്തിനിടെ മിസോറാമില്‍ ബീഫ് പാര്‍ട്ടി; ജനങ്ങളുടെ ഇഷ്ടത്തിന് കേന്ദ്രം എതിരല്ലെന്ന് മന്ത്രി

ഐസ്‌വാള്‍: ഭക്ഷ്യകാര്യത്തിലുള്ള ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നിയന്ത്രണവും കൊണ്ടുവരില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. മിസോറാമില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കവെയാണ് കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്ന വിവാദങ്ങളിലുള്ള കേന്ദ്രനിലപാട് മന്ത്രി വ്യക്തമാക്കിയത്.

കശാപ്പിനായുള്ള കന്നുകാലി കച്ചവടത്തിന് നിയന്ത്രണം കൊണ്ടുവന്ന കേന്ദ്ര ഉത്തരവിനെതിരെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനങ്ങളുടെ മൗലികാവകാശമായ ഭക്ഷണസാതന്ത്രത്തില്‍ കേന്ദ്രം കൈ കടുത്തകയാണെന്ന ആരോപണവുമായി വിവിധ സംസ്ഥാന സര്‍ക്കാരുകളും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ഭക്ഷണസാതന്ത്രത്തില്‍ കേന്ദ്രം ഒരു നിയന്ത്രണവും കൊണ്ടുവരില്ലെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയത്. നേരത്തെ കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവും ഇതേ നിലപാട് അറിയിച്ചിരുന്നു.

അതേസമയം രാജ്‌നാഥ് സിംഗിന്റെ മിസോറാം സന്ദര്‍ശന ദിനത്തില്‍ കേന്ദ്ര ഉത്തരവിനോടുള്ള പ്രതിഷേധമെന്നോണം ഒരു പ്രാദേശിക സംഘടന മിസോറാമില്‍ ബീഫ് പാര്‍ട്ടി നടത്തി.

രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം നടന്ന രാജ് ഭവനില്‍ നിന്നും 200 മീറ്റര്‍ മാത്രം അകലെയുള്ള വനപ ഹാളിലായിരുന്നു ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചത്. മഴയെ വകവെക്കാതെ രണ്ടായിരത്തിലധികം ആളുകളാണ് പരിപാടിക്കെത്തിയത്.

നേരത്തെ മാട്ടിറച്ചി കഴിക്കുന്നതിന് ഒരു തടസവും ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ തങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുന്ന തരത്തിലുള്ള ഒരു ഗൂഢാലോചന നടക്കുന്നതായി ഞങ്ങള്‍ കാണുന്നു. ബീഫ് പാര്‍ട്ടി സംഘടിപ്പിച്ച സോള്‍ഫീയിലെ രെമ്രുത വര്‍തെ എന്ന പ്രാദേശിക സംഘടന പറഞ്ഞതായി ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മാട്ടിറച്ചിക്ക് വളരെ പ്രിയമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര ഉത്തരവിനെതിരെ നിരവധി പ്രാദേശിക പ്രതിഷേധങ്ങളാണ് ഇതുവരെ അരങ്ങേറിയത്. മേഘാലയയില്‍ ഉത്തരവിനോടുള്ള പ്രതിഷേധമായി രണ്ട് മുതിര്‍ന്ന ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ടു. കഴിഞ്ഞ തിങ്കളാഴ്ച കേന്ദ്ര ഉത്തരവിനെതിരെ മേഘാലയ അസംബ്ലി പ്രമേയം പാസാക്കി. പ്രതിപക്ഷ പാര്‍ട്ടികളും പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു.