പ്രാദേശിക വെല്ലുവിളികള്‍: മാധ്യമങ്ങള്‍ അറബ് രാഷ്ട്രങ്ങളെ പിന്തുണയ്ക്കണമെന്ന് ഷെയ്ഖ് മുഹമ്മദ്

ദുബായ്: അറബ് രാഷ്ട്രങ്ങള്‍ നിലവില്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണ് ഉള്ളതെന്ന് യുഎഇ വെസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മൗക്തം. ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന അറബ് ലോകത്തെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളില്‍ പക്ഷം പിടിക്കാതെയുള്ള റിപ്പോര്‍ട്ടിംഗാണ് ഇതിനാവശ്യമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

അറബ് ചരിത്രത്തിലെ തന്നെ കഠിനമായ ഈ കാലഘട്ടത്തില്‍ വെല്ലുവിളികളെ എതിരിടുന്നതിനായി അറബ് ജനതയെ പിന്തുണയ്ക്കണമെന്നും വികസനവും പുരോഗതിയും കൈവരിക്കാന്‍ അറബ് രാഷ്ട്രങ്ങളെ സഹായിക്കണമെന്നും ഷെയ്ഖ് മുഹമ്മഹ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

സമാധാനം പ്രചരിപ്പിക്കുന്നതിനായി മാധ്യമങ്ങള്‍ സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കണമെന്നും ഒരിക്കല്‍ പുരോഗതിയുടെയും അറിവിന്റെയും കാര്യത്തില്‍ ലോകത്തിന് മുമ്പില്‍ തിളങ്ങിനിന്ന അറബ് സംസ്‌കാരത്തെ പൂര്‍വ്വ പ്രതാപം വീണ്ടെടുക്കാന്‍ സഹായിക്കണമെന്നും ഷെയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ടു.

മാധ്യമ രംഗത്തെ നേതാക്കള്‍ക്കും പ്രാദേശിക ദിനപത്രങ്ങളുടെ ചീഫ് എഡിറ്റര്‍മാര്‍ക്കും യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് അറബ്, ലോക മാധ്യമ തലവന്മാര്‍ക്കുമായി സര്‍ക്കാര്‍ ഒരുക്കിയ ഇഫ്താര്‍ സത്കാരത്തിലാണ് ഷെയ്ഖ് മുഹമ്മദ് മാധ്യമങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടത്.