മുംബൈ സ്‌ഫോടനക്കേസ്: അബുസലേമും മുസ്തഫ ദോസയും കുറ്റക്കാര്‍

മുംബൈ 1993ല്‍ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനക്കേസിലെ പ്രധാനപ്രതികളായ അബു സലേമും മുസ്തഫ ദോസയും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തി. ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനം എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട വിചാരണയിലാണ് ഇരുവരും കുറ്റക്കാരാണെന്ന് പ്രത്യേക ടാഡാ കോടതി വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2002ല്‍ പോര്‍ച്ചുഗലില്‍ നിന്നും പിടിക്കപ്പെട്ട സലേം, യുഎഇയില്‍ നിന്നും പിടിക്കപ്പെട്ട ദോസ എന്നിവര്‍ക്കു പുറമേ താഹിര്‍ തക്ല എന്നറിയപ്പെടുന്ന താഹിര്‍ മെര്‍ച്ചന്റും കരിമുള്ള ഖാനും റിയാസ് സിദ്ദിഖിയും ഫിറോസ് അബ്ദുള്‍ റാഷിദ് ഖാനും കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അബ്ദുള്‍ ഖയ്യും എന്ന പ്രതിയെ കോടതി വെറുതെ വിട്ടു. പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിം അടക്കം കേസില്‍ പ്രതികളായ നിരവധി പേരെ ഇനിയും പിടികൂടാനായിട്ടില്ല.

1993 മാര്‍ച്ച് 12നാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ വിവിധ ഇടങ്ങളില്‍ 13ഓളം സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. സ്‌ഫോടനങ്ങളില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

എയര്‍ ഇന്ത്യ ബില്‍ഡിംഗ്, മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, സവേരി ബസാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ തുടങ്ങി സ്വകാര്യ ഉടമസ്ഥതയിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുമുള്ള പ്രധാന സ്ഥലങ്ങളായിരുന്നു അക്രമികള്‍ ലക്ഷ്യമിട്ടത്. സ്‌ഫോടനങ്ങളില്‍ 27 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ആര്‍ഡിഎക്‌സ്(റിസേര്‍ച്ച് ഡിപ്പാര്‍ട്‌മെന്റ് എക്‌സ്‌പ്ലോസീവ്) ഇത്രയും കൂടിയ അളവില്‍ ഉപയോഗിച്ച ലോകത്തിലെ ആദ്യ തീവ്രവാദി ആക്രമണമായിരുന്നു ഇത്.

2007ല്‍ കേസിന്റെ ആദ്യഘട്ട വിചാരണ പൂര്‍ത്തിയായി.100 ഓളം പേരെ തീവ്രവാദ വിരുദ്ധ കോടതി കുറ്റക്കാരാണെന്ന് വിധിച്ചു.23 പേരെ വെറുതെ വിട്ടു. 2015ല്‍ കേസിലെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ തൂക്കിക്കൊന്നു.

ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് ആയുധങ്ങള്‍ എത്തിച്ചു എന്നതാണ് അബു സലേമിനെതിരായ ആരോപണം. പോര്‍ച്ചുഗലില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. കേസിലെ മറ്റൊരു പ്രതിയായ നടന്‍ സഞ്ജയ് ദത്തിന് ആയുധം നല്‍കിയെന്ന ആരോപണവും അബു സലേമിനെതിരെ ഉണ്ട്. അതേസമയം സലേമിനെതിരായ ചില ആരോപണങ്ങള്‍ കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. കുറ്റവാളികളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുള്ള കരാറുകള്‍ക്ക് എതിരാണ് എന്നതിനാലാണിത്.

കേസുമായി ബന്ധപ്പെട്ട് കോടതി 800 ഓളം പേരുടെ മൊഴിയെടുത്തു. അബുസലേം അടക്കം മൂന്ന് പ്രതികള്‍ കേസ് അന്വേഷിച്ച സിബിഐയോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.