സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമത്തില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമത്തില്‍ വര്‍ധനവ്. പുറത്തിറങ്ങിയ ഏറ്റവും പുതിയ ക്രൈം റെക്കോര്‍ഡ ബ്യൂറോയുടെ കണക്കിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞവര്‍ഷം 14, 061ഉം കുട്ടികള്‍ക്കെതിരായ പീഡനങ്ങളില്‍ 2899 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുതൊട്ടു മുമ്പത്തെ വര്‍ഷങ്ങളില്‍ യഥാക്രമം 12,383 ഉം 13,880 ഉം കേസുകളായിരുന്നു ഇത്തരത്തില്‍ രജിസ്റ്റര്‍ചെയ്തത്.

കഴിഞ്ഞവര്‍ഷം 1644 ബലാത്സംഗകേസുകളും 4035 പീഡനക്കേസുകളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തൊട്ടുമുമ്പത്തെ വര്‍ഷമിത് 1263ഉം 3991ഉം ആയിരുന്നു.

സ്ത്രീധന കൊലപാതകം കഴിഞ്ഞവര്‍ഷം വന്‍തോതിലാണ് വര്‍ധിച്ചത്. 2015ല്‍ ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് 2016ല്‍ 24 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവില്‍നിന്നുള്ള അതിക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളിലാണ് നേരിയ കുറവുള്ളത്. തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ 177ല്‍ നിന്ന് 157 ആയും ഭര്‍ത്താവില്‍ നിന്നുള്ള അതിക്രമ കേസുകള്‍ 3664 ല്‍ നിന്ന് 3454 ആയുമാണ് കുറഞ്ഞത്.