ഐഎംജി ഡയറക്ടറായി ജേക്കബ് തോമസ് ചുമതലയേറ്റു

തിരുവനന്തപുരം: നീണ്ട അവധിയ്ക്ക് ശേഷം ഡിജിപി ജേക്കബ് തോമസ് വീണ്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍. ഐഎംജി ഡയറക്ടറായിട്ടാണ് ഡിജിപി ജേക്കബ് തോമസ് ചുമതലയേറ്റത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വിദഗ്ധപരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐഎംജി. ഒരുവര്‍ഷത്തേക്കാണു നിയമനം.

ഇപ്പോള്‍ താന്‍ കൂട്ടിലല്ലെന്നും കാലാവധി തികയ്ക്കുമെന്ന് ഒരുറപ്പുമില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. വിജിലന്‍സ് തലപ്പത്തുനിന്നുള്ള മാറ്റത്തിന്റെ കാര്യവും കാരണവും പിന്നീടു പറയും. സര്‍ക്കാരാണോ താനാണോ ആദ്യം പറയുകയെന്നു നോക്കാമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോടു പറഞ്ഞു.

നേരത്തെ വധി കഴിഞ്ഞു തിരിച്ചെത്തുന്ന ജേക്കബ് തോമസിന് ഏതു പദവി നല്‍കുമെന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ട പ്രകാരമാണു കഴിഞ്ഞ ഏപ്രില്‍ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ലോക്‌നാഥ് ബെഹ്‌റയ്ക്കു വിജിലന്‍സ് ഡയറക്ടറുടെ ചുമതലയും നല്‍കി.