ഫീനിക്‌സില്‍ കൊടുംചൂടാണ്, വിമാനങ്ങള്‍ക്ക് പോലും പറക്കാന്‍ കഴിയാത്ത വിധം

അരിസോണയിലെ ഫീനിക്‌സില്‍ വേനലാണെന്ന് കേട്ടാല്‍ മറ്റ് ചില വസ്തുതകള്‍ കൂടി നമ്മള്‍ അറിഞ്ഞിരിക്കണം. സൂര്യാസ്തമനം വരെ താപനില നാല്‍പതിനോട് അടുത്ത് തന്നെയായിരിക്കും. വണ്ടിയോടിക്കുന്നതിനായി ഓവനില്‍ ഉപയോഗിക്കുന്ന കയ്യുറ ധരിക്കുന്നതോ ഐസ്പാക്കുകള്‍ വണ്ടിക്കുള്ളില്‍ വെക്കുന്നതോ ഒട്ടും അസാധാരണമല്ല. ഒരു പരിധി കഴിഞ്ഞാല്‍ എന്തൊരു ചൂട് എന്ന് പറയുന്നത് പോലും തമാശയാണ്. കാരണം പിന്നീട് ചൂട് മാത്രമേയുള്ളു.

അരിസോണയിലെ വേനല്‍ക്കാല വിശേഷങ്ങള്‍ പുറംനാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ വേനലെത്തിയാല്‍ ഒന്നുകില്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടുകയോ അല്ലെങ്കില്‍ അല്‍പം കൂടി ആശ്വാസം തരുന്ന കാലാവസ്ഥയുള്ള വടക്കന്‍ അരിസോണയിലേക്ക് രക്ഷപ്പെടുകയോ വഴിയുള്ളുവെന്ന് അവിടുത്തുകാര്‍ക്ക് നല്ലവണ്ണം അറിയാം.

പക്ഷേ ഈ ആഴ്ച സ്ഥിതി അല്‍പം കൂടി കഠിനമാണ്. തെക്ക്പടിഞ്ഞാറ് ദശാബ്ദങ്ങള്‍ക്കിടെ കണ്ട ഏറ്റവും കഠിനമായ ചൂടിനാണ് സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. പരിശീലനം ലഭിച്ച മരുഭൂമി വാസികള്‍ക്ക് പോലും ചൂട് സഹിക്കാനാകാത്ത അവസ്ഥ. വരുംദിനങ്ങളില്‍ ചൂട് ഉച്ചസ്ഥായിയിലായിരിക്കുമെന്ന് അരിസോണ മുതല്‍ കാലിഫോര്‍ണിയ വരെയുള്ള ദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

അപ്പോള്‍ എത്രയാണ് അവിടുത്തെ താപനില എന്ന സംശയം ഉയരും . ദേശീയ കാലാവസ്ഥ സേവന കേന്ദ്രത്തില്‍ നിന്നുള്ള വിവരപ്രകാരം തിങ്കളാഴ്ച ഫീനിക്‌സില്‍ 47.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.

കഠിനമായ ചൂട് കാരണം വിമാനങ്ങള്‍ പോലും റദ്ദ് ചെയ്യുന്ന അവസ്ഥ ആലോചിച്ച് നോക്കൂ. ഫീനിക്‌സ് സ്‌കൈ ഹാര്‍ബര്‍ ഇന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ ഈ ആഴ്ച കുറഞ്ഞത് 50 വിമാനങ്ങളെങ്കിലും റദ്ദ് ചെയ്തു. ചൂട് ഏറ്റവും കൂടുന്ന വൈകുന്നേരം 3നും 6നും ഇടയിലുള്ള സമയങ്ങളില്‍ ഫീനിക്‌സിലെത്തേണ്ട വിമാനങ്ങളുടെ സമയക്രമങ്ങളില്‍ മാറ്റമുണ്ടാകാമെന്ന് മിക്ക അമേരിക്കന്‍ എയര്‍ലൈന്‍ കമ്പനികളും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഫോര്‍ത്ത് വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനി ഫീനിക്‌സില്‍ നിന്നും ഫീനിക്‌സിലേക്കും ഉള്ള 50 ഓളം വിമാനങ്ങള്‍ തിങ്കളാഴ്ച റദ്ദ് ചെയ്തു. ഫീനിക്‌സിലെ ചൂട് അമേരിക്കന്‍ ഈഗിളിന്റെ പ്രാദേശിക സര്‍വ്വീസുകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഏതാണ്ട് 47.8 ഡിഗ്രി സെല്‍ഷ്യസിലും താഴെ താപനിലയില്‍ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോംബാര്‍ഡിയര്‍ സിആര്‍ജെ വിമാനങ്ങളാണ് അമേരിക്കന്‍ ഈഗിള്‍ സര്‍വ്വീസിനായി ഉപയോഗിക്കുന്നത്. 53 ഡിഗ്രി സെല്‍ഷ്യസിനടുത്ത് താപനിലയില്‍ വരെ പ്രവര്‍ത്തിക്കുന്ന വലിയ എയര്‍ബസുകളും ബോയിംഗ് വിമാനങ്ങളും റദ്ദ് ചെയ്തിട്ടില്ല.

വിവിധ വിമാന നിര്‍മ്മാണക്കമ്പനികള്‍ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന താപനില പലതായാണ് സെറ്റ് ചെയ്യുന്നത്.

കഠിനമായ ചൂടിനെ അടയാളപ്പെടുത്തിനായി അരിസോണ ദേശക്കാര്‍ക്ക് മാത്രം മനസിലാകുന്ന മജന്ത നിറം വിഭാഗം സൂചിക ദേശീയ കാലാവസ്ഥ സര്‍വ്വീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അരിസോണയിലെ ചിലയിടങ്ങളില്‍ വരുംദിവസങ്ങളില്‍ വളരെ അപൂര്‍വ്വവും അപകടകരവും ചിലപ്പോള്‍ ജീവന് തന്നെ ഭീഷണിയുയര്‍ത്തുന്നതുമായ ചൂടിന് സാധ്യതയുണ്ടെന്നാണ് ഇതിനര്‍ത്ഥം.

1990 ജൂണ്‍ 26നാണ് ഫീനിക്‌സില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ വര്‍ഷം. 50 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്നത്തെ താപനില. അന്ന് സ്‌കൈ ഹാര്‍ബര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു വിമാനവും പറന്നില്ല.

ദേശീയ കാലാവസ്ഥ സേവന കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഫീനിക്‌സുകാരന്‍ ക്രിസ് കുല്‍മാന്‍ ചൂട് പേടിച്ച് പുറംജോലികള്‍ ചെയ്യുന്നതിനായി ഇന്നലെ പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റതായി പറയുന്നു. അപ്പോള്‍ പോലും 32 ഡിഗ്രി ആയിരുന്നു താപനില. ഫീനിക്‌സുകാര്‍ക്ക് പോലും സഹിക്കാനാകാത്ത ചൂടാണ് ഇപ്പോള്‍ അവിടെ അനുഭവപ്പെടുന്നതെന്നും ക്രിസ് പറയുന്നു. പകല്‍സമയം പുറത്തിറങ്ങുന്നത് പോലും അപകടകരമാണ്.

അരിസോണ അതിര്‍ത്തിക്കടുത്തുള്ള പടിഞ്ഞാറന്‍ കാലിഫോര്‍ണിയന്‍ നഗരമായ ഡെത്ത് വാലിയില്‍ ഈ ആഴ്ച താപനില 53 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നാണ് കണക്ക്.