റാസൽ ഖൈമയിലെ സി.സി.ടി.വി സംവിധാനം വാണിജ്യ ലൈസൻസുമായി ബന്ധിപ്പിക്കും

റാസൽഖൈമ:സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റാസൽ ഖൈമയിലെ സ്ഥാപനങ്ങളിൽ നിർബന്ധമാക്കിയ സി.സി.ടി.വി സംവിധാനം വാണിജ്യ ലൈസന്സുകളുമായി ബന്ധിപ്പിക്കുമെന്ന് അധികൃതർ. വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ 2021 ഓടെ കൂടുതൽ മികച്ചതാക്കുക എന്ന യു.എ.ഇയുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി റാസൽ ഖൈമയിൽ ചേർന്ന ആഭ്യന്തര മന്ത്രാലയത്തിൽ സാമ്പത്തിക വികസന വകുപ്പ് മേധാവികളുടെ യോഗത്തിലാണ് ഇങ്ങയൊരു തീരുമാനം ഉണ്ടായത് .

നിലവിൽ കാലാവധി കഴിയുന്ന വാണിജ്യ ലൈസൻസുകൾ പുതുക്കി നൽകുന്നത് സ്ഥാപനത്തിൽ 60 ദിവസത്തിനകം സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണമെന്ന് നിഷ്കർഷിച്ച് കൊണ്ടാണ്.യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽ ഖൈമ ഭരണാധിപനുമായ ഷെയ്ഖ് സഊദ് ബിൻ സഖർ അൽ ഖാസിമി 2015 ൽ പുറപ്പെടുവിച്ച ഉത്തരവിലാണ് എമിറേറ്റിലെ സ്ഥാപനങ്ങളിലും മറ്റും മുഴു സമയങ്ങളിലും സി.സി.ടി വി സംവിധാനം നിർബന്ധമാക്കിയത്. നിരവധി സ്ഥാപനങ്ങളിലും ഈ സംവിധാനം സജ്ജീവമാണ്.

നിയമം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളോടെയാകണം സുരക്ഷാ ക്യാമറകൾ സ്ഥാപിക്കേണ്ടത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം സ്ഥാപനങ്ങൾ സന്ദർശിച്ച് അധികൃതരുടെ മാനദണ്ഡങ്ങൾക്കനുസൃതമായി ഡ്രോയിങ് തയ്യാറാക്കി ഓൺലൈനിലൂടെ ജി.ആർ.എയ്ക്ക് സമർപ്പിക്കുന്നതാണ് പ്രഥമ നടപടി. ജി.ആർ.എയുടെ അനുമതി ലഭിച്ചാൽ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് അധികൃതരുടെ പരിശോധനയ്ക്ക് ശേഷമാണ് സ്ഥാപനങ്ങൾക്ക് ജി.ആർ.എ സർട്ടിഫിക്കറ്റ് നൽകുക. സ്ഥാപനങ്ങൾ വർഷം തോറും ജി.ആർ.എ സർട്ടിഫിക്കറ്റ് പുതുക്കേണ്ടതാണ്.