കോണ്‍ഫഡറേഷന്‍സ് കപ്പ്: ക്രിസ്റ്റ്യാനോയുടെ ഗോളില്‍ പോര്‍ച്ചുഗലിന് ജയം

മോസ്‌കോ: കോണ്‍ഫഡറേഷന്‍സ് കപ്പില്‍ പോര്‍ച്ചുഗലിനും മെക്‌സിക്കോയ്ക്കും തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം ക്രിസസ്റ്റ്യാനേ റൊണാള്‍ഡോയുടെ ഗോളില്‍ ആതിഥേയരായ റഷ്യക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ ജയം. 2-1ന് ന്യൂസിലന്‍ഡിനെയാണ് മെക്‌സിക്കോ തകര്‍ത്തത്.

മത്സരത്തിന്റെ എട്ടാം മിനിറ്റിലാണ് പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ പിറന്നത്. റൊണാള്‍ഡോയുടെ ഹെഡ്ഡറിലൂടെയാണ് ഗോള്‍. കോണ്‍ഫഡറേഷന്‍സ് കപ്പില്‍ ആദ്യ ജയമാണ് പോര്‍ച്ചുഗല്‍ ആതിഥേയരായ റഷ്യക്കെതിരെ സ്വന്തമാക്കിയത്. മെക്‌സിക്കോക്കെതിരായ ആദ്യ മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ സമനില വഴങ്ങിയിരുന്നു.

ന്യൂസിലാന്‍ഡിനെതിരെ ഒരുഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് മെക്‌സിക്കോ മുന്നേറിയത്. 42ാം മിനിറ്റില്‍ ക്രിസ് വുഡിന്റെ ഗോളിലാണ് ന്യൂസിലാന്‍ഡ് മുന്നിലെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജിമേനസ് റോഡ്രിഗസിലൂടെ മെക്‌സിക്കോ ആദ്യ തിരിച്ചടി നല്‍കി. 72 ആം മിനിറ്റില്‍ പെരാള്‍ട്ടയാണ് മെക്‌സിക്കോയുടെ വിജയഗോള്‍ നേടിയത്.