റമദാന് ഷോട്‌സ് ധരിച്ചതിന് യുവതിക്ക് നേരെ അതിക്രമം, പ്രതിയെ വിട്ടയച്ചതിനെതിരെ തുര്‍ക്കിയില്‍ പ്രതിഷേധം

ഇസ്താന്‍ബുള്‍: പുണ്യമാസമായ റമദാന് ഷോട്‌സ് ധരിച്ചുവെന്ന് ആരോപിച്ച് ഇസ്താന്‍ബുളിലെ ബസിനുള്ളില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇന്നലെ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതിഷേധവുമായി വനിത സംഘടനകള്‍ രംഗത്തെത്തി.

സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയായ അസീന മെലിസ സഗ്ലാമാണ് തുര്‍ക്കിഷുകാരന്റെ അതിക്രമത്തിന് ഇരയായത്. പിറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന ഒരാള്‍ വന്ന് അസീനയുടെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് ചിത്രം സഹിതം തുര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അസീനയെ ഉപദ്രവിച്ച പ്രതി ഓടിരക്ഷപ്പെടും മുമ്പ് അസീനയെ ബസിന് പിറകിലേക്ക് തള്ളിയിടുകയും ചെയ്തു.

അക്രമിയെ പിന്നീട് പിടികൂടിയെങ്കിലും ചോദ്യം ചെയ്യലില്‍ താന്‍ പ്രകോപിതനായിപ്പോയതാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വിട്ടയച്ചു.

യാത്രയിലുടനീളം ഷോട്‌സ് ധരിച്ചതിനെ ചൊല്ലി അക്രമി തന്നെ അപമാനിക്കുകയായിരുന്നുവെന്ന് പിന്നീട് അസീന പറഞ്ഞു. ബസിനുള്ളില്‍ സീറ്റില്‍ കയറി ഇരുന്നത് മുതല്‍ റമദാന് ഇങ്ങനെയാണോ വേഷം ധരിക്കേണ്ടത്, ഇത്തരത്തില്‍ വേഷധാരണം നടത്താന്‍ നിനക്ക് നാണമില്ലേ എന്ന തരത്തിലുള്ള വാക്കുകള്‍ കൊണ്ട് അക്രമി തന്നെ അപമാനിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അസീന പറഞ്ഞതായി ഹുറിയത് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് അയാളുടെ വാക്കുകള്‍ അവഗണിക്കുന്നതിനായി ഹെഡ്‌ഫോണ്‍ ചെവിയില്‍ വച്ചപ്പോള്‍ അയാള്‍ മുന്നോട്ട് വന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നു. പ്രഹരത്തില്‍ തന്റെ താടിയെല്ല് ബസിന്റെ ജനലില്‍ തട്ടിയെന്നും അസീന പരാതിപ്പെട്ടു.

അക്രമിയെ വെറുതെ വിട്ടതിനെതിരെ വിവിധ വനിത സംഘടനകള്‍ രംഗത്തെത്തി. അക്രമിയെ വെറുതെ വിട്ടത് സ്ത്രീസമൂഹത്തിന് ഭീഷണിയാണെന്ന് ‘വി വില്‍ സ്റ്റോപ്പ് ഫീമിസൈഡ്’ എന്ന വനിതാവകാശ സംഘടന ട്വിറ്ററില്‍ കുറിച്ചു.

“തങ്ങള്‍ക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കും, ഞങ്ങളുടെ സ്വാതന്ത്ര്യം ബലികഴിക്കാന്‍ തയ്യാറല്ല”.
അവര്‍ ട്വിറ്ററില്‍ എഴുതി.

സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അക്രമിയെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ അധികാരികള്‍ ഉത്തരവിറക്കി. എന്നാല്‍ ഇയാളെ വീണ്ടും പിടികൂടിയോ എന്ന കാര്യം വ്യക്തമല്ല.