യെമനില്‍ യുഎഇയ്ക്ക് രഹസ്യ തടവറയില്ല: വിദേശകാര്യ മന്ത്രാലയം

യെമനില്‍ യുഎഇയ്ക്ക് രഹസ്യ തടവറകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി യുഎഇ ആഭ്യന്തര മന്ത്രാലയം. ദക്ഷിണ യെമനില്‍ യുഎഇ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള രഹസ്യതടവറകളുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും അസംബന്ധമാണ്. യഥാര്‍ത്ഥത്തില്‍ യെമന്‍ ജനതയെ സംരക്ഷിക്കുന്നതിന് യെമനിലെത്തിയിരിക്കുന്ന അറബ് സഖ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നും തീവ്രവാദ സംഘടകള്‍ക്കെതിരെയുള്ള അറബ് സഖ്യത്തിന്റെ നടപടികളില്‍ ബാധിക്കപ്പെട്ടിട്ടുള്ള പാര്‍ട്ടികളും സംഘടകളുമാണ് ഇതിന് പിന്നിലെന്നും ആഭ്യന്തര മന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

യെമനില്‍ പോരാടുന്ന അറബ് സഖ്യത്തിന്റെ ഭാഗമായ യുഎഇ യെമനില്‍ ജയില്‍ നടത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. അത്തരം കാര്യങ്ങള്‍ യെമന്‍ നീതിന്യായ അതോറിട്ടികളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്നും പ്രസ്താവനയില്‍ യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യെമനിലെ സൈനിക വിഭാഗങ്ങള്‍ക്ക് നിയമാസൃതമായ പരിശീലനം നല്‍കുകയാണ് അറബ്‌സേന ചെയ്യുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

യെമന്‍ സൈന്യത്തിനൊപ്പം നിന്ന് ദക്ഷിണ യെമനില്‍ നിന്നും അല്‍ ഖ്വയ്ദയെ ഇല്ലായ്മ ചെയ്യുന്നതില്‍ യുഎഇ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. യെമനിലെ നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ലോക്കല്‍ പോലീസിന്റെയും നിഷ്‌കളങ്കരായ സാധാരണക്കാരുടെയും മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം അറേബ്യന്‍ ഉപദ്വീപിലെ അല്‍ ഖ്വയ്ദയ്ക്കാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ദക്ഷിണ യെമനില്‍ സുരക്ഷ ഒരുക്കുന്നതിനും വെള്ളം, വൈദ്യുതി എന്നിവ പുനസ്ഥാപിക്കുന്നതിനും സ്‌കൂളുകളും ആശുപത്രികളും പുനരുദ്ധരിക്കുന്നതിനും ഭക്ഷണവും വൈദ്യസഹായവും നല്‍കുന്നതിനുമായി ബില്യണ്‍ കണക്കിന് ഡോളര്‍ ധനസഹായം യുഎഇ നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.