കൊളംബിയയില്‍ ബോട്ട് മുങ്ങി 9 പേര്‍ മരിച്ചു; 28 പേരെ കാണാതായി

കൊളംബിയ: വടക്ക് പടിഞ്ഞാറന്‍ കൊളംബിയയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് റിസര്‍വോയറില്‍ മുങ്ങി 9 പേര്‍ മരിച്ചു. 28 പേരെ കാണാതായി. വിനോദ സഞ്ചാര കേന്ദ്രമായ ഗ്വാതാപെയിലെ എല്‍ പെനോള്‍ റിസര്‍വോയറില്‍ ഇന്നലെയായിരുന്നു സംഭവം. നാല് തട്ടുകളുള്ള അല്‍മിറാനെറ്റ് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. വിദേശികളും സ്വദേശികളുമായ സഞ്ചാരികള്‍ ആഡംബര നൗകകളില്‍ യാത്രയ്‌ക്കെത്തുന്ന സ്ഥലമാണ് ഗ്വാതാപെ.

ബോട്ട് മുങ്ങാനിടയായ സാഹചര്യം വ്യക്തമായിട്ടില്ല. നിലവില്‍ ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ മാത്രമേ കണ്ടെടുക്കാനായിട്ടില്ലെന്നും എന്നാല്‍ 28ഓളം പേരെ കാണാതായിട്ടുണ്ടെന്നും ആന്റിയോക്വിയ പ്രാദേശിക സര്‍ക്കാറിന്റെ ദുരന്ത നിവാരണ വിഭാഗം മേധാവി മാര്‍ഗരിറ്റ മോണ്‍കാഡ പറഞ്ഞു.

170 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നും മറ്റ് ബോട്ടുകളിലൂടെയും സ്വയം നീന്തിയുമാണ് പലരും രക്ഷപ്പെട്ടതെന്നും മാര്‍ഗരിറ്റ പറഞ്ഞു. വളരെ പെട്ടന്നാണ് ബോട്ട് മുങ്ങിയതെന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത അഗ്നിശമന സേന വിഭാഗം ക്യാപ്റ്റന്‍ ലൂയിസ് ബെര്‍ണാഡോ മൊറാലസ് പറഞ്ഞു. വ്യോമസേനയുടെ ഒരു വിമാനവും രണ്ട് കരസേന വിമാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

അപകടത്തില്‍ പെട്ട ബോട്ടിന്റെ താഴെ രണ്ട് നിലകളിലും ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നെന്നും കൂടുതല്‍ കുട്ടികള്‍ താഴ്‌നിലകളില്‍ ഉണ്ടായിരുന്നെന്നും യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.