മൃഗങ്ങള്‍ക്കും മാതൃത്വത്തിന്റെ മഹത്വമറിയാം! ഗര്‍ഭിണിയുടെ വയറില്‍ പറ്റിച്ചേര്‍ന്ന് കടുവയുടെ സ്‌നേഹപ്രകടനം

ഗ്ലാസ് കൂടിനുള്ളില്‍ നിന്ന് പുറത്ത് നില്‍ക്കുന്ന ഗര്‍ഭിണിയായ സ്ത്രീയുടെ വയറിനോട് പറ്റിച്ചേര്‍ന്ന് നില്‍ക്കുന്ന കടുവയുടെ വീഡിയോ സൈബര്‍ലോകം ഏറ്റെടുത്തിരിക്കുകയാണ്. ഗര്‍ഭിണിയായ ബന്ധു നടാഷ ഹാന്‍ഡ്ഷൂവിനൊപ്പം ഇന്‍ഡിയാനയിലെ പൊട്ടാവടോമി മൃഗശാല സന്ദര്‍ശിച്ച ബ്രിട്ടാനി ഒസ്‌ബോണ്‍ ആണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആ സുന്ദരനായ കടുവയ്ക്ക് തന്റെ കസിന്‍ നടാഷ ഗര്‍ഭിണിയാണെന്ന് മനസിലായെന്നും ഒരു ചില്ല് ചുവരിനപ്പുറം അവളുടെ കുഞ്ഞ് വയറ് പറ്റിച്ചേര്‍ന്ന് നില്‍ക്കുകയായിരുന്നു ആ കടുവയെന്നും അത് വളരെ മധുരമുള്ള നിമിഷമായെന്നും ഒസ്‌ബോണ്‍ ഫെയ്‌സ്ബുക്കില്‍ എഴുതി.

വളരെ ഹ്രസ്വമായ വീഡിയോയില്‍ കടുവ നടാഷയുടെ വയറിന് എതിരായി നിന്ന് സ്‌നേഹപൂര്‍വ്വം ചില്ലില്‍ മുഖമുരയ്ക്കുന്നത് കാണാം. പേടിക്കുകയാണോ അതോ ചിരിക്കുകയാണോ വേണ്ടതെന്ന് പിറകില്‍ നിന്ന് ആരോ പറയുന്നതും കേള്‍ക്കാം.

ആദ്യം തങ്ങള്‍ കടുവകളുടെ കൂടിനടുത്ത് കൂടി പോയപ്പോള്‍ അവ ഉറക്കമായിരുന്നെന്നും പിന്നീട് ഫോട്ടോ എടുക്കുന്നതിനായി അവയുടെ അരികത്തേക്ക് തിരിച്ചുവരികയായിരുന്നെന്നും നടാഷ പറഞ്ഞതായി സിബിഎസ്‌ഫോര്‍ റിപ്പോര്‍ട്ട് ചെയ്തു.

“താന്‍ ഗര്‍ഭിണിയാണെന്ന് മനസിലാക്കി കൊണ്ടുളള സ്‌നേഹപ്രകടനമായിരുന്നു ആ കടുവയുടേതെന്നാണ് താന്‍ വിശ്വസിക്കുന്നത്”.