ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം 6 മണി വരെ വൈദ്യുതോപയോഗം കുറയ്ക്കണമെന്ന് ദീവ

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗം വരുന്ന ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം 6 മണി വരെയുള്ള സമയങ്ങളില്‍ ഉപഭോക്താക്കള്‍ വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിട്ടി (ദീവ).

‘ഈ വേനല്‍ക്കാലത്തെ ഹരിതമയമാക്കാം’ (ലെറ്റ്‌സ് മെയ്ക് ദ സമ്മര്‍ ഗ്രീന്‍) എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് വൈദ്യുതി ഉപഭോക്താക്കളോടുള്ള ദീവയുടെ ഈ അപേക്ഷ. സുസ്ഥിരമായ ശീലങ്ങള്‍ സ്വീകരിക്കുക, പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി വിവേകപൂര്‍വ്വമായി ഇവയെ ഉപയോഗിക്കുക, ദുബായിലെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്നിവയാണ് ക്യാപെയിനിന്റെ ലക്ഷ്യങ്ങള്‍.

ഊര്‍ജ്ജ ആവശ്യം കൂടുതലാകുന്ന വേനല്‍ക്കാലത്ത് വൈദ്യുതോപയോഗം കുറയ്ക്കുന്നതിനുള്ള കുറുക്കുവഴികളുടെ പ്രചരണവും ഈ ക്യാംപെയിനിന്റെ ഭാഗമായി നടക്കുന്നു.

ലോകത്തിനൊന്നാകെ സ്വീകാര്യമായ സുസ്ഥിരമായ ഒരു ഊര്‍ജ്ജ സംരക്ഷണ മാതൃകയ്ക്ക് രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മൗക്തം പ്രഖ്യാപിച്ച ദുബായ് ക്ലീന്‍ എനര്‍ജി സ്ട്രാറ്റെജി 2050 നോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഊര്‍ജ്ജത്തിന്റെ വിവേകപൂര്‍വ്വമായ ഉപയോഗത്തിന് ദീവ വളരെ പ്രാധാന്യം നല്‍കുന്നതെന്ന് ദീവ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സയിദ് മുഹമ്മദ് അല്‍ ടയര്‍ പറഞ്ഞു.

“2050ഓടെ ലോകത്തില്‍ ഏറ്റവും കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന നഗരമാകുക എന്നതാണ് നമ്മുടെ ലക്ഷ്യം. 2030ഓടെ എനര്‍ജി ഡിമാന്‍ഡ് 30% കുറയ്ക്കുക എന്ന ലക്ഷ്യവും നമുക്കുണ്ട്. ഊര്‍ജ്ജവിഭവങ്ങളെ വിവേകപൂര്‍വ്വം ഉപയോഗിക്കുക എന്ന അവബോധം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുകയാണ് ദീവ. സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനായി നമ്മുടെ പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിനുള്ള ദീവയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഉപഭോക്താക്കളെയും ഉള്‍ക്കൊള്ളിക്കുകയാണ്”.

2009നും 2016നും ഇടയില്‍ ദീവ നടത്തിയിട്ടുള്ള വിവിധ പരിപാടികളിലൂടെയും പദ്ധതികളിലൂടെയും വെള്ളവും വൈദ്യുതിയും വളരെയധികം ലാഭിക്കാനായിട്ടുണ്ടെന്നും ഇത് കാര്‍ബണ്‍ ബഹിര്‍ഗമനം തടയാനും സഹായകമായിട്ടുണ്ടെന്നും സസയിദ് മുഹമ്മദ് അല്‍ ടയര്‍ പറഞ്ഞു.