ഒരു സിനിമാക്കാരന്‍ റിവ്യു

അബ്‌റാം

തിരക്കഥാകൃത്തായ ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ചിത്രമാണ് ഒരു സിനിമാക്കാരന്‍. പേര് സൂചിപ്പിക്കുംപോലെ ഒരു സിനിമാക്കാരന്റെ കഥയാണ് ചിത്രം പറയുന്നതെങ്കിലും സിനിമ സ്വപ്‌നം കണ്ട് നടന്ന് വലിയ വിജയം നേടുന്ന ക്ലീഷേ കഥയല്ല. പേര് കേള്‍ക്കുമ്പോള്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ഉദയനാണ് താരം സിനിമാ കമ്പനി പോലുള്ള സിനിമകള്‍ നമ്മുടെ മനസ്സിലൂടെ ഓടിമറയുമെങ്കിലും ആ കഥാലൈനിലേക്ക് കടക്കാതെ മറ്റൊരു വഴിക്ക് മുന്നേറാന്‍ ലിയോയ്ക്ക് സാധിച്ചിട്ടുണ്ട്.

ഈ സിനിമയിലെ കഥാപാത്രമായ ആല്‍ബി സിനിമയിലെ സഹസംവിധായകനാണ്. ആദ്യ സ്വതന്ത്ര സംവിധാന സംരംഭത്തിനായി നിര്‍മ്മാതാവിനെ അന്വേഷിച്ച് നടക്കുന്ന ആളാണ് ആല്‍ബി. എന്നാല്‍, സിനിമയ്ക്ക് പാത്രമായ കഥാസാരം ഇതല്ല. പ്രണയവും കൊലപാതകവം വില്ലന്മാരും പോലീസ് അന്വേഷണവുമൊക്കെയായി കഥയെ വഴിതിരിച്ചുവിടുകയാണ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമല്ല എന്ന ആശ്വാസം നമുക്ക് തുടക്കത്തിലുണ്ടാകും. കഥ കുറ്റാന്വേഷണത്തിലേക്ക് വഴി മാറുമ്പോള്‍ കഥ പറച്ചില്‍ രീതികൊണ്ട് ചെറിയ മുഷിപ്പുണ്ടാക്കും. ദൃശ്യം പോലെയൊക്കെയുള്ള മര്‍ഡര്‍ കവറപ്പിനുള്ള ശ്രമവും സംവിധായകന്‍ നടത്തിയിട്ടുണ്ട്.

സംവിധാനത്തിലും തിരക്കഥയിലും അത്ഭുതങ്ങളൊന്നും സിനിമ ബാക്കി വെച്ചിട്ടില്ല. വിനീത് ശ്രീനിവാസന്‍, രജീഷാ വിജയന്‍, വിജയ് ബാബു, അനുശ്രീ, പ്രശാന്ത് നാരായണന്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയ താരങ്ങളുടെ അഭിനയ മികവിനായി മാത്രം സിനിമ കണ്ടിറങ്ങാം. തനിക്ക് സംസ്ഥാന സര്‍ക്കാര്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം നല്‍കിയത് വെറുതെയായില്ല എന്ന് രജീഷാ വിജയന്‍ ഒരു സിനിമാക്കാരനിലൂടെ തെളിയിക്കുന്നുണ്ട്. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ദുരന്തമായി മാറിയ ദിലീപ് ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌ക്കാരത്തിന്റെ ശോഭ പോലും കെടുത്തികളഞ്ഞ രജീഷ തിരിച്ചുവരവിന് തെരഞ്ഞെടുത്ത പ്ലാറ്റ്‌ഫോം കൂടിയാണ് ഒരു സിനിമാക്കാരന്‍.