‘അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മ’, പരിഹാസവുമായി ജോയി മാത്യു

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയി മാത്യു. അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മയെന്ന് ജോയി മാത്യു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതി. അമ്മയുടെ യോഗത്തില്‍ എന്തു നടന്നുവെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. എന്നാല്‍, കേട്ടോളു അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മ എന്നായിരുന്നു ജോയി മാത്യുവിന്റെ പ്രതികരണം.

ഇന്നലെ അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിന് ശേഷം ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, ഗണേഷ്‌കുമാര്‍, മുകേഷ്, ദിലീപ്, ഇടവേള ബാബു, ദേവന്‍ എന്നിവര്‍ ചേര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഈ വാര്‍ത്താ സമ്മേളനത്തില്‍ സംഘടനാ ഭാരവാഹികളായ നടന്മാര്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുകയും ദേഷ്യപ്പെടുകയും ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയാകുകയും പൊതുജനങ്ങള്‍ സിനിമാ സംഘടനയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി ജോയി മാത്യു രംഗത്ത് എത്തിയത്.

ജോയി മാത്യുവിന്റെ പ്രതികരണം വരുന്നതിന് തൊട്ടുമുന്‍പ് ജനാധിപത്യ സ്വഭാവമില്ലാത്ത സംഘടനയാണ് അമ്മയെന്നും അവരില്‍നിന്ന് ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷേണ്ട കാര്യമില്ലെന്നുമുള്ള തരത്തിലുള്ള പ്രതികരണം ആഷിക് അബു നടത്തിയിരുന്നു.

” target=”_blank”>