വിന്‍ഡീസിനെ വീണ്ടും തകര്‍ത്ത് ടീം ഇന്ത്യ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 93 റണ്‍സിനാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെ തോല്‍പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

ഇന്ത്യ ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡിസ് 38.1 ഓവറില്‍ 158 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ- 254/4 വെസ്റ്റിന്‍ഡീസ്-158

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ട് റണ്‍സുമായി ശിഖര്‍ ധവാന്‍ മൂന്നാം ഓവറില്‍ മടങ്ങി. പിന്നീട് ടീം സ്‌കോര്‍ 34ല്‍ നില്‍ക്കെ കോഹ്ലിയും പുറത്തായി. എന്നാല്‍ മൂന്നാം മത്സരത്തിലും മികച്ച ഫോമില്‍കളിച്ച രഹാന യുവരാജുമായി ചേര്‍ന്ന് ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുകയായിരുന്നു. യുവരാജ് 55 പന്തില്‍ നാല് ഫോറടക്കം 39 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി രഹാനയും ധോണിയും അര്‍ധ സെഞ്ച്വറി നേടി. രഹാന 112 പന്തില്‍ നാല് ഫോറും ഒരു സിക്‌സും അടക്കം 72 റണ്‍സെടുത്തപ്പോള്‍ ധോണി പുറത്താകാതെ 79 പന്തില്‍ നാല് ഫോറും ഒരു സിക്‌സും അടക്കം 78 റണ്‍സും എടുത്തു. ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ 40 റണ്‍സുമായി കേദര്‍ ജാദവ് ധോണിയ്ക്ക് കൂട്ടായി ക്രീസിലുണ്ടായിരുന്നു. 26 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതമാണ് ജാദവ് 40 റണ്‍സെടുത്തത്.

വെസ്റ്റിന്‍ഡീസിനായി പാത്ത് കുമ്മിന്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹോള്‍ഡറും ബിഷുവും ഓരോ വിക്കറ്റ് വീതവും നേടി.

അതെസമയം അനായാസ വിജയലക്ഷ്യം മുന്‍ നിര്‍ത്തി ബാറ്റിംഗിനിറങ്ങിയ വെസറ്റിന്‍ഡീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുകെട്ടുകയായിരുന്നു. ഇതോടെ വിന്‍ഡീസ് പ്രതിരോധം 158 റണ്‍സിലൊതുങ്ങി. മൂന്ന് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും ആര്‍ ആശ്വിനുമാണ് വിന്‍ഡീസ് ഇന്നിംഗ്‌സിന്റെ നടുവൊടിച്ചത്. കുല്‍ദീപ് 10 ഓവറില്‍ ഒരു മെയ്ഡിനടക്കം 41 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. അശ്വിനാകട്ടെ 10 ഓവറില്‍ ഒരു മെയ്ഡിനടക്കം 28 റണ്‍സ് മാത്രം വഴങ്ങിയാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യ രണ്ടും ഉമേശ് യാദവും കേദര്‍ ജാദവും ഒരു വിക്കറ്റ് വീതവും വീഴ്ത്തി.

വെസ്റ്റിന്‍ഡീസ് നിരയില്‍ 40 റണ്‍സെചുക്ക മുഹമ്മദ് മാത്രമാണ് പിടിച്ചുനിന്നത്. പവല്‍ 30ഉം ഹോപ് 24ലും റണ്‍സ് വീതമെടുത്തു. മഹേന്ദ്ര സിംഗ് ധോണിയാണ് കളിയിലെ താരം.