ബീഫ് കൊലപാതകം: ബിജെപി നേതാവ് അറസ്റ്റില്‍

റാഞ്ചി : ബിഫ് കടത്തി എന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ആള്‍കൂട്ടം ഒരാളെ തല്ലികൊന്ന കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. രാംഗഡിലെ ബിജെപി മീഡിയ സെല്ലിലെ നിത്യാനന്ദ് മഹ്‌തോ ആണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ മറ്റ് രണ്ട് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.

മൂന്നു പേരെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡയില്‍ എടുത്തു. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

വ്യാഴാഴ്ചയാണ് മുഹമ്മദ് അലിമുദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയുടെ വാഹനം ബജാര്‍ഖണ്ഡ് ഗ്രാമത്തിനു സമീപം വച്ച് മുപ്പതോളംപേരുടെ സംഘം തടഞ്ഞത്. വാനില്‍ നാലു ചാക്കുകളിലായി ‘നിരോധിത ഇറച്ചി’ ഉണ്ടെന്നാരോപിച്ച് അന്‍സാരിയെ വാഹനത്തില്‍നിന്നു വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചവര്‍ വാനിനു തീയിടുകയും ചെയ്തു. അരമണിക്കൂറിനുശേഷം പൊലീസ് എത്തി അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അതെസമയം അറസ്റ്റിലായ ബിജെപി നേതാവിനെ ന്യായികീരിച്ച് ജില്ലാ ഘടകം രംഗത്ത് വന്നു. സംഭവത്തിനുശേഷമാണ് നിത്യാനന്ദ് മഹ്‌തോ സ്ഥലത്തെത്തിയതെന്നും എന്താണു സംഭവിച്ചതെന്ന് പരിശോധിക്കാനായിരുന്നു അദ്ദേഹമെന്നു ബിജെപി ജില്ലാ ഘടകം പ്രതികരിച്ചു.