വിമാനത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അഫ്ഗാന്‍കാരി ദുബായിലെത്തി

വിമാനത്തില്‍ തനിയെ ലോകം ചുറ്റുന്ന അഫ്ഗാന്‍കാരിയായ വൈമാനിക ഷയിസ്റ്റ വൈസ് ദുബായിലെത്തി. വിമാനത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാകുക എന്നതാണ് ഈ 29കാരിയുടെ ലക്ഷ്യം. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, ഗണിതം, വൈമാനിക വിദ്യാഭ്യാസം എന്നിവ ഭാവി തലമുറയിലേക്ക് പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ യാത്രയ്ക്ക് പിന്നിലുണ്ട്. ഇന്നലെ ദുബായ് വിമാനത്താവളത്തിലെത്തിയ ഷയിസ്റ്റയെ വിമാനത്താവളം അധികൃതര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ബീച്ച്ക്രാഫ്റ്റ് ബൊണാന്‍സ എ 36 എന്ന വിമാനത്തിലാണ് ഷയിസ്റ്റയുടെ യാത്ര. മെയ് 13ന് ഫ്‌ളോറിഡയിലെ ഡെടോണ ബീച്ച് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുമാണ് ഷയിസ്റ്റ യാത്ര ആരംഭിച്ചത്. 90 ദിവസം നീണ്ട യാത്രയില്‍ അഞ്ച് ഭൂഖണ്ഡങ്ങളിലെ 18 രാജ്യങ്ങളിലായി 30 ഓളം സ്‌റ്റോപ്പുകളാണ് ഷയിസ്റ്റ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഏതാണ്ട് 25,000 മൈലുകളാണ് ഈ യാത്രയിലൂടെ ഈ യുവ വൈമാനിക ഒറ്റയ്ക്ക് കീഴടക്കുന്നത്. ഓരോ സ്‌റ്റോപ്പുകളിലും ശാസ്ത്രകുതുകികളായ യുവാക്കള്‍ക്ക് വേണ്ടി പരിപാടികള്‍ സംഘടിപ്പിക്കാനും ഷയിസ്റ്റയ്ക്ക് പരിപാടിയുണ്ട്. ഇതിന്റെ ഭാഗമായി ഞായറാഴ്ച ദുബായിലും ഇവര്‍ പരിപാടി അവതരിപ്പിക്കും.

ദുബായ് ഷയിസ്റ്റയുടെ 11ാമത്തെ സ്റ്റോപ്പാണ്. ഇനി ഇന്ത്യ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് ബീച്ച്ക്രാഫ്റ്റ് ബൊണാന്‍സ എ 36 ഷയിസ്റ്റയെയും കൊണ്ട് പറക്കുക. യാത്ര തുടങ്ങിയ ഫ്‌ളോറിഡയില്‍ തന്നെയാണ് യാത്രയുടെ അവസാനവും.

2014ല്‍ ഷയിസ്റ്റ തുടക്കമിട്ട ഡ്രീം സോര്‍ എന്ന സംഘടനയാണ് യാത്രയ്ക്ക് സര്‍വ്വ പിന്തുണയും നല്‍കുന്നത്. ഇന്റെര്‍നാഷ്ണല്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെയും എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റെര്‍നാഷ്ണലിന്റെ സഹകരണവും ഈ ഉദ്യമത്തിനുണ്ട്.

അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തെ തുടര്‍ന്ന് ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് ഷയിസ്റ്റ ജനിച്ചത്. പിന്നീട് 1987ല്‍ ഷയിസ്റ്റയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. പിന്നീട് വൈമാനിക മേഖലയോടെ അഭിനിവേശം തോന്നിയ ഷയിസ്റ്റ പൈലറ്റ് ലൈസന്‍സിനായി പ്രയത്‌നിച്ചു. അങ്ങനെ അഫ്ഗാനിസ്ഥാനില്‍ പൈലറ്റ് ലൈസന്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ഷയിസ്റ്റ.

പറക്കലിനോട് ഇഷ്ടം തോന്നിയത് മുതല്‍ ഞാന്‍ സ്വയം വെല്ലുവിളികള്‍ മുന്നോട്ടുവച്ചു. വായിക്കാനും ഗണിതത്തില്‍ കൂടുതല്‍ മികവ് കാണിക്കാനും ആരംഭിച്ചു. ലോകത്തെയും ആകാശത്തെയും വ്യത്യസ്തമായി കാണാന്‍ തുടങ്ങി. ഷയിസ്റ്റയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഐസിഎഒ കണക്കുകള്‍ പ്രകാരം ആകെയുള്ള കൊമേഴ്‌സ്യല്‍ വിമാനങ്ങളില്‍ 5 ശതമാനത്തില്‍ താഴെ മാത്രമാണ് വനിത പൈലറ്റുമാര്‍.

എന്നെപ്പോലുള്ള പശ്ചാത്തലത്തിലുള്ള ഒരു പെണ്‍കുട്ടിക്ക് എങ്ങനെ ഇത്രത്തോളം ഭാഗ്യവതിയാകാന്‍ കഴിഞ്ഞു ഓരോ തവണയും വിമാനത്തിന്റെ വാതില്‍ തുറക്കുമ്പോള്‍ ഞാന്‍ സ്വയം ചോദിക്കുന്ന കാര്യമാണിത്. സത്യം പറഞ്ഞാല്‍ ആര്‍ക്കും എന്നെപ്പോലെ ആകാം. ഡ്രീം സോറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷയിസ്റ്റ എഴുതിയ വാക്കുകളാണിത്.