ഇന്തോനേഷ്യയില്‍ 73കാരിയും 15കാരനും തമ്മില്‍ ഒരപൂര്‍വ്വ വിവാഹം

ഇന്തോനേഷ്യയിലെ സുമാത്രയിലുള്ള കരാംഗ് എന്‍ഡ ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ച ഒരു അസാധാരണ വിവാഹം നടന്നു. 73കാരിയായ റൊഹായ ബിന്ദി കൈഗസ് മുഹമ്മദ് ജക്ഫറും 15കാരനായ സലെമത് റിയാദിയും തമ്മിലായിരുന്നു വിവാഹം. വധൂ വരന്മാര്‍ വിവാഹ പ്രതിജ്ഞകള്‍ നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം ലോകശ്രദ്ധയാകര്‍ഷിച്ചത്.

തങ്ങളുടെ ഇഷ്ടം നടത്തിത്തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഈ അസാധാരണ ദമ്പതിമാരുടെ ഭീഷണിക്ക് വഴങ്ങിയാണ് ബന്ധുക്കളും നാട്ടുകാരും വിവാഹം നടത്തിയതെന്ന് ഗ്രാമത്തലവനായ സിക് അനി പറഞ്ഞു. സലെമതിന് വിവാഹപ്രായം ആകാത്തതു കൊണ്ട് സ്വകാര്യമായാണ് വിവാഹചടങ്ങുകള്‍ നടത്തിയതെന്നും ഗ്രാമത്തലവന്‍ അറിയിച്ചു.

സലെമതിന് മലേറിയ പിടിപെട്ടപ്പോള്‍ അയല്‍ക്കാരി ആയിരുന്ന റൊഹായ ബിന്ദി ശുശ്രൂഷിക്കാനെത്തി. ഈ ബന്ധം പിന്നീട് പ്രണയമായി വളരുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ മരണപ്പെട്ട സലെമതിനെ രണ്ടാമത് വിവാഹം ചെയ്ത അമ്മ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. രണ്ട് തവണ വിവാഹം ചെയ്‌തെങ്കിലും രണ്ടുപ്രാവശ്യവും ബന്ധം വേര്‍പെടുത്തിയ ആളാണ് റൊഹായ ബിന്ദി. ഈ ബന്ധങ്ങളില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളും ഉണ്ട്.

അവന്‍ പറഞ്ഞു, അവനെന്നെ ഭ്രാന്തമായി സ്‌നേഹിക്കുന്നുവെന്ന്, ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടമാണ് വിവാഹശേഷം റൊഹായ പറഞ്ഞു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുമ്പില്‍ വിവാഹപ്രതിജ്ഞകള്‍ ചൊല്ലുന്ന ദമ്പതിമാരുടെ വീഡിയോ വളരെ കൗതുകത്തോടെ ലോകം നോക്കിക്കാണുകയാണ്.

ഇന്തോനേഷ്യയില്‍ പുരുഷന്മാരുടെ വിവാഹപ്രായം പത്തൊമ്പതും സ്ത്രീകളുടേത് പതിനാറുമാണ്.