യുഎഇയില്‍ മഴ നാളെ വരെ തുടരാൻ സാധ്യത

കനത്ത ചൂടിനിടയിലും യുഎഇയില്‍ ചിലയിടങ്ങളില്‍ മഴ പെയ്തു. നാളെയും കിഴക്കന്‍ യുഎഇയിലെ മലയോര പ്രദേശങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് നാഷ്ണല്‍ സെന്റര്‍ ഓഫ് മീറ്ററോളജി ആന്‍ഡ് സീസ്‌മോളജി അറിയിച്ചു.

ഇന്നലെ മുതല്‍ യുഎഇയിലെ അല്‍ എയ്ന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മഴ ലഭിക്കുന്നുണ്ടായിരുന്നു. മഴയ്ക്കിടെയുണ്ടായ ഇടിമിന്നലില്‍ ഏഷ്യന്‍ വംശജനായ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. യുഎഇയുടെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ ന്യൂനമര്‍ദ്ദമാണ് പൊടിക്കാറ്റ് ഉള്‍പ്പെടെ ഉണ്ടാക്കുന്നതെന്ന് എന്‍.സി.എം.എസിലെ മീറ്ററോളജിസ്റ്റ് ഡോയ അഹ്മദ് ഹബീബ് പറഞ്ഞു.

അതേസമയം യുഎഇയില്‍ പൊതുവില്‍ കണ്ടുവരുന്ന ചൂടിന് ശമനമുണ്ടാകില്ല. ഒമാന്‍ കടലും, അറേബ്യന്‍ ഗള്‍ഫും കലുഷിതമായി കിടക്കുകയാണ്. ഈ സ്ഥിതി തുടരാനാണ് സാധ്യത. ഇന്നത്തെ കാലാവസ്ഥയ്ക്ക് സമാനമായിരിക്കും നാളത്തെ കാലാവസ്ഥയെന്നും ഡോ. ഹബീബ് വിലയിരുത്തുന്നു.