ഫുള്‍ മതേതരനില്‍നിന്ന് താങ്കള്‍ ഒരു ഹാഫ് മതേതരനായി, കാരശ്ശേരി മാഷിനോട് ബഷീര്‍ വള്ളിക്കുന്ന്

എം.എന്‍. കാരശ്ശേരിയെ സരസമായി വിമര്‍ശിച്ച് ബ്ലോഗറും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ ബഷീര്‍ വള്ളിക്കുന്ന്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബഷീര്‍ കാരശ്ശേരി മാഷിനെ ഫുള്‍ മതേതരനില്‍നിന്ന് താങ്കളൊരു ഹാഫ് മതേതരനായി മാറിയെന്ന വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ബഷീര്‍ വള്ളിക്കുന്ന കാരശ്ശേരി മാഷ്‌ക്ക് അയച്ച തുറന്ന കത്ത്.

കാരശ്ശേരി മാഷ്‌ക്ക് ഒരു തുറന്ന കുത്ത്.

മാഷേ, കേരള മുസ്ലിംകളുടെ കണ്ണിലുണ്ണിയാണ് മാഷ്

ഏത് വേദികളിലും മതേതരനെന്ന് അഭിമാനപൂര്‍വ്വം കാഴ്ച വെക്കാറുള്ളത് താങ്കളെയാണ്. അങ്ങനെയുള്ള താങ്കളുടെ റേറ്റിംഗ് ഈയിടെയായി അല്പമൊന്ന് കുറഞ്ഞ കാര്യം ചൂണ്ടിക്കാട്ടാനാണ് ഈ കുറിപ്പ്.

ഫുള്‍ മതേതരനില്‍ നിന്ന് താങ്കള്‍ ഒരു ഹാഫ് മതേതരനായി മാറിയിട്ടുണ്ട്.

ഇക്കാര്യം പലരുടേയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും അത് തുറന്ന് പറഞ്ഞത് ജനാബ് സെന്‍കുമാറാണ്. ഇത് നിങ്ങള്‍ക്കൊരു വെയ്ക്കപ്പ് കോളാണ്.
മതേതരനായി ജനിച്ച് മതേതരനായി ജീവിച്ച് മതേതരമായി മരിക്കണമെങ്കില്‍ താങ്കള്‍ അത്യാവശ്യമായി ചെയ്യേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

ഇന്ത്യയില്‍ വര്‍ദ്ദിച്ചു വരുന്ന ഹിന്ദുത്വ തീവ്രവാദത്തെക്കുറിച്ച് ഇനി മേലാല്‍ ഒരക്ഷരം മിണ്ടരുത്. അഖ്‌ലാക്കോ, ജുനൈദോ അങ്ങിനെ എത്ര പേര്‍ അടിച്ചു കൊല്ലപ്പെട്ടാലും പ്രതികരിക്കാന്‍ പോകരുത്. ഇങ്ങനത്തെ അവസരങ്ങളില്‍ ചാനലുകാര്‍ വിളിക്കും, അതൊരു ട്രാപ്പാണ്. ആ ട്രാപ്പില്‍ വീഴരുത്. വയറിളക്കമാണെന്ന് പറഞ് രക്ഷപ്പെടണം.

അതേ സമയം മുസ്ലിം തീവ്രവാദത്തെക്കുറിച്ച് തുടരെത്തുടരെ എഴുതണം. അതാണ് നിങ്ങളെ മതേതരനായി നിര്‍ത്തുന്ന ട്രേഡ് മാര്‍ക്ക്. അതുമായി ബന്ധപ്പെട്ട് എല്ലാ ചാനല്‍ ചര്‍ച്ചകളിലും പങ്കെടുക്കണം. വയറിളക്കമാണെങ്കില്‍ കൂടി ചെറുനാരങ്ങായിട്ട കട്ടന്‍ ചായ കുടിച്ച് പോകാന്‍ ശ്രമിക്കണം.

നിങ്ങള് കൂടി മതേതരരുടെ പട്ടികയില്‍ നിന്ന് പോയാല്‍ ഞങ്ങള്‍ കേരളത്തിലെ മുസ്ലിംകളുടെ കാര്യം കട്ടപ്പൊകയാണ്. നിങ്ങളുടെ കൂട്ടത്തില്‍ മതേതരനുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ചൂണ്ടിക്കാട്ടാനുള്ള ഏക വ്യക്തിയാണ് താങ്കള്‍. അതുകൊണ്ട് ഞങ്ങളെ നിങ്ങള്‍ ഇടക്കിടക്ക് ചീത്ത പറഞ്ഞാലും കുഴപ്പമില്ല, നിങ്ങള് ആ കസേരയില്‍ ഉണ്ടാകണം. ജീവിതത്തിന്റെ സായംസന്ധ്യയില്‍ നിങ്ങള് വഴിയാധാരമാകുന്നത് കാണാനുള്ള കെല്പില്ലാത്തത് കൊണ്ട് കൂടിയാണിത് പറയുന്നത്. ചങ്ക് പൊട്ടിയുള്ള അഭ്യര്‍ത്ഥനയാണ്.. തള്ളരുത്.

എന്ന് സ്‌നേഹപൂര്‍വ്വം

കോയ, കോയാസ് റോഡ്, കോയിക്കോട്