ഇന്നസെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി വനിതാ കമ്മീഷന്‍

അമ്മാ പ്രസിഡന്റും ചാലക്കുടി എം.പി.യുമായ ഇന്നസെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍. മലയാള സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ഇന്നസെന്റ് സംസാരിച്ചുവെന്നാണ് ആരോപണം. നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കൂടെ കിടന്നിട്ടുണ്ടാകുമെന്ന ഇന്നസെന്റിന്റെ പ്രസ്താവന വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയിരുന്നു.

ഇന്നസെന്റിന്റെ പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. ഇന്നസെന്റിന്റെ പ്രസ്താവന അപലപനീയമാണെന്നും വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ നടപടി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു.

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പുതിയ സെല്‍ രൂപീകരിക്കുന്നതിന് സര്‍ക്കാരിന് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കും. അതിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും. അസംഘടിത മേഖലയില്‍ സ്ത്രീകള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍.