ലിവയിൽ 19 മുതൽ ഈത്തപ്പനോത്സവത്തിന് തുടക്കം

അബൂദാബി:അൽ ദഫ്‌റ മേഖലയിലെ ലിവയിൽ ഈന്തപ്പഴോത്സവം 19 ന് തുടക്കം കുറിക്കും. അബൂദാബി കൾച്ചറൽ പ്രോഗ്രസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു എ ഇ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷ കർതൃത്വത്തിലാണ് ഫെസ്റ്റിവൽ നടക്കുക.

പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ഫെസ്റ്റിവൽ നഗരിയിലെ വിപണികൾ സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും ഉറപ്പാക്കുന്നതിനും, പരമ്പരാഗത മാർക്കറ്റ് വിജയകരമാക്കുന്നത്തിനുമാണ്. 240 സ്വദേശി കുടുംബങ്ങളുടെ വിപണികൾ, ചിൽഡ്രൻസ് വില്ലേജ്, ഈന്തപ്പഴ മാർക്കറ്റ്, ബോധവൽക്കരണ പരിപാടികൾ, വിവിധ ബിസിനസ്സുകളുമായുള്ള പ്രദർശനങ്ങൾ, മറ്റ് പരമ്പരാഗത വിപണികൾ എന്നിവയും പ്രദർശന നഗരിയിൽ ഉണ്ടായിരിക്കും.

എമിറേറ്റ്‌സിന്റെ സാംസ്‌കാരിക പൈതൃക പ്രദർശനം സന്ദർശകരെ ഏറെ ആകർഷിക്കുമെന്നാണ് ഫെസ്റ്റിവൽ ഡയറക്ടറും ഹെറിറ്റേജ് കമ്മിറ്റിയിലെ പ്ലാനിങ് ആൻഡ് പ്രോജക്ട് ഡിപ്പാർട്ടമെന്റ് ഹെറിറ്റേജ് കമ്മിറ്റി ചെയർമാനുമായ ഉബൈദ് ഖൽഫാൻ അൽ മസ്‌റൂയി അഭിപ്രായപ്പെട്ടു.