കശാപ്പ് നിരോധന വിജ്ഞാപത്തിന് രാജ്യവ്യാപകമായി സുപ്രീം കോടതിയുടെ സ്റ്റേ

ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ കശാപ്പ് നിരോധന വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ. സുപ്രീം കോടതിയാണ് വിവാദമായ കശാപ്പ് നിരോധന വിജ്ഞാപനം സ്റ്റേ ചെയ്തിട്ടുള്ളത്. നേരത്തെ ബോംബെ ഹൈക്കോടതിയും കേന്ദ്രവിജ്ഞാപനത്തിന് സ്റ്റേ കൊണ്ടുവന്നിരുന്നു. വിജ്ഞാപനത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുമെന്നും നിലവിലുള്ള വിജ്ഞാപനം നിലനില്‍ക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
കശാപ്പിനായുളള കന്നുകാലി വില്‍പ്പന തടയുന്ന കേന്ദ്ര വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ സുപ്രീം കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നില്ല. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം അവശ്യപ്പെട്ടു കൊണ്ട് നേരത്തെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസ് ജൂലൈ 11ലേയ്ക്ക് മാറ്റിവെച്ച കോടതിയാണ് വിജ്ഞാപനം സ്റ്റേ ചെയ്തത്.
കന്നുകാലി കശാപ്പ് നിയന്ത്രണ വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നുള്ള ഹര്‍ജിയിലെ ആവശ്യം തള്ളിയ കോടതി കേന്ദ്രത്തിന്റെ അഭിപ്രായമറിഞ്ഞതിന് ശേഷം മാത്രമേ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ സാധീക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി .മലയാളികളായ സാബു സ്റ്റീഫന്‍, അബ്ദുള്‍ ഖുറേഷി എന്നിവരാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഭക്ഷണാവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നത് മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ 11(3) (ഇ) പ്രകാരം അനുവദിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. ഇതിന് പുറമകേ സര്‍ക്കാരിന്റെ വിജ്ഞാപനം കര്‍ഷകര്‍ക്ക് വലിയ സമ്ബത്തിക ബാധ്യതയുണ്ടാക്കിയെന്ന് ഖുറേഷിയും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
മെയ് 29നാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് കശാപ്പ് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. കശാപ്പിനായി കന്നുകാലികളെ വില്‍പ്പന നടത്തുന്നത് വിലക്കിക്കൊ​ണ്ടുള്ളതായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം.